കർഷകന് മാന്യമായ ജീവിത സാഹചര്യം ഒരുക്കുന്നതാകണം കൃഷി : കൃഷിമന്ത്രി പി.പ്രസാദ്

പ്രത്യേക ലേഖകൻ
തിരുവനന്തപുരം:കൃഷി എന്നത് കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകുന്നത് മാത്രമാകരുത്, മറിച്ച് കർഷകന് സമൂഹത്തിൽ അന്തസായ ജീവിതം നയിക്കുന്നതിന് ഉതകുന്നതാകണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപീകൃതമായ കേരള കർഷക ക്ഷേമനിധി ബോർഡിൽ കർഷകർക്ക് അംഗത്വ രജിസ്ട്രേഷനുള്ള വെബ് പോർട്ടലിന്റെ ഉദ്ഘാടനം സെക്രട്ടറിയേറ്റ് അനക്സ് ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനു തന്നെ മാതൃകയായി സംസ്ഥാനത്ത് ആദ്യമായാണ് കർഷകർക്കായി ഒരു ക്ഷേമനിധി ബോർഡ് യാഥാർത്ഥ്യമാകുന്നതെ ന്ന് കൃഷിമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ബോർഡ് നിലവിൽ വന്നെങ്കിലും ഓൺലൈൻ രജിസ്ട്രേഷനുള്ള പോർട്ടലിന്റെ നിർമാണത്തിനും സെക്യൂരിറ്റി ഓഡിറ്റിനും സമയം വേണ്ടി വന്നു. യഥാക്രമം സി-ഡിറ്റ് ,സി-ഡാക് എന്നീ ഏജൻസികളാണ് ഇവ സമയബന്ധിതമായി പൂർത്തീകരിച്ചത്. കർഷകർക്ക് ഇന്നുമുതൽ ഓൺലൈൻ അംഗത്വം സ്വീകരിക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബോർഡ് ചെയർമാൻ ഡോ.പി രാജേന്ദ്രൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ.ജോയിക്കുട്ടി ജോസ്, അഡ്വ ജോസ് ചെമ്പേരി, ലാൽ വർഗീസ് കൽപ്പകവാടി, കെ.ആർ. ഹരികുമാർ, അഡ്വ പ്രീജ , ജോസ് കുറ്റിയാനിമറ്റം, വി. സുശീൽ കുമാർ, വസന്തകുമാർ, മാത്യു വർഗീസ്, കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുബ്രഹ്മണ്യൻ ഐ ഐ എസ് ചടങ്ങിന് നന്ദിയും പറഞ്ഞു.



Leave a Reply