നല്ലനടപ്പു നിയമവും അനുബന്ധ സേവനങ്ങളും സാമൂഹിക പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരും എം ഡി സുനിൽ കുമാർ
കൽപ്പറ്റ: സാഹചര്യങ്ങൾ കൊണ്ട് ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പോയവരെ ജയിലിൽ അടക്കാതെ സമൂഹത്തിൽ നിർത്തിക്കൊണ്ട് തന്നെ തെറ്റ് തിരുത്താനുള്ള അവസരം നൽകുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുവാൻ നല്ലനടപ്പ് നിയമം സഹായിക്കുമെന്ന് ഡിവൈഎസ്പി എംഡി സുനിൽ കുമാർ അഭിപ്രായപ്പെട്ടു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പോയ ആദ്യ കുറ്റവാളികൾ 21വയസ്സിനു താഴെയുള്ള കുറ്റവാളികൾ എന്നിവർക്ക് പ്രൊബേഷൻ നിയമത്തിൻറെ ആനുകൂല്യം ലഭ്യമാക്കുന്നതിലൂടെ ജയിലിൽ കഴിയുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമായുള്ള സമ്പർക്കം ഒഴിവാക്കുവാനും വലിയ കുറ്റവാളികളായി മാറുന്നതിൽ നിന്നും അവരെ തടയുവാനും നല്ലനടപ്പ് നിയമം സഹായിക്കുന്നു. മാനസിക സാമൂഹിക ഇടപെടലുകളിലൂടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പോയവരെ തിരുത്തുവാനും അതുവഴി കുറ്റവാളികളില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുവാനും സാധിക്കും. നല്ലനടപ്പ് നിയമവുമായി ബന്ധപ്പെട്ട് പ്രൊബേഷൻ ഓഫീസുകൾ വഴി സാമൂഹ്യനീതി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ സാമൂഹ്യ പ്രതിരോധ സംവിധാനത്തിന് കൂടുതൽ ശക്തി പകരും എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രൊബേഷൻ ഓഫീസിൻറെ ആഭിമുഖ്യത്തിൽ വയനാട് പ്രസ് ക്ലബ്ബിൻറെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച പ്രൊബേഷൻ പക്ഷാചരണ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊബേഷൻ പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കുള്ള ശില്പശാലയും സംഘടിപ്പിച്ചു. വയനാട് പ്രസ് ക്ലബ് പ്രസിഡണ്ട്. കെ സജീവൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ കെ കെ പ്രജിത്ത് സ്വാഗതം പറഞ്ഞു. മഹേഷ് രാമൻ ജിബിൻ കെ ഏലിയാസ് എന്നിവർ വിഷയാവതരണം നടത്തി. പ്രൊബേഷൻ അസിസ്റ്റൻറ് പി മുഹമ്മദ് അജ്മൽ ചർച്ചക്ക് നേതൃത്വം നൽകി. വയനാട് പ്രസ് ക്ലബ് സെക്രട്ടറി നിസ്സാം കെ അബ്ദുള്ള ചടങ്ങിന് നന്ദി പറഞ്ഞു.
Leave a Reply