April 24, 2024

ഫയൽ നീക്കത്തിൽ തട്ടുകൾ കുറക്കും : മന്ത്രി എം.വി ഗോവിന്ദൻ

0
Img 20220306 183305.jpg
മാനന്തവാടി:പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തലാണ് പ്രാദേശിക സർക്കാറുകളുടെ അടിസ്ഥാന ജോലിയെന്നും അവർക്ക് മെച്ചപ്പെട്ട സേവനവും സഹായങ്ങളും ഉറപ്പാക്കേണ്ട ബാധ്യത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുണ്ടെന്നും
തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭരണം സേവനമാണെന്ന് മനസ്സിലാക്കണം. ജനങ്ങൾ അടിമകളും നാം യജമാനന്മാരും അല്ല. ജനത്തെ ഭരിക്കാനല്ല, ജനസേവനത്തിന് നിയോഗിക്കപെട്ടവരാണ് നമ്മളെന്ന ചിന്ത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വേണമെന്നും മന്ത്രി പറഞ്ഞു.
നവകേരള തദ്ദേശകം-2022 പര്യടനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാരുമായും സെക്രട്ടറിമാരുമായും സംവദിക്കുകയായിരുന്നു മന്ത്രി.
മാനന്തവാടി, അമ്പുകുത്തിയിലെ സോഷ്യൽ സർവ്വീസ് സൊസെെറ്റി ഹാളിലായിരുന്നു യോഗം. തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്തുന്നതുമായും ഫലപ്രദമായി നടപ്പാക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. 
തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ നിമിഷവും നവീകരിക്കപ്പെടാതെ നാടിന് മുന്നേറാനാവില്ല. നവീകരണത്തിന്റെ ഭാഗമായാണ് അഞ്ച് വകുപ്പുകളായി പ്രവർത്തിച്ചിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏകീകരിച്ചത്. ജനസേവനം എളുപ്പത്തിൽ നൽകുന്നതിന് ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറക്കാൻ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. കൊറിയിട്ട് താഴേക്കും മേലേക്കും ഫയൽ തട്ടിക്കളിക്കാൻ ഇനി അനുവദിക്കില്ല. അപാകതകൾ അപേക്ഷകനെ കണ്ട് തിരുത്തൽ വരുത്തി അതിവേഗം സേവനം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകേണ്ടിവരും. ഇതിന് വിരുദ്ധമായി ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യേഗസ്ഥർ വിവരം അറിയുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ഫലപ്രദമായി ജനങ്ങളെ സേവിക്കുന്നതിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും സാധാരണക്കാരോടും പാവപ്പെട്ടവരോടുമാണ് സർക്കാറിന്റെ ബാധ്യതയും പ്രതിബദ്ധതയുമെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടർക്ക് വീട്, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ ഉൾപ്പെടെ യുവതി – യുവാക്കൾക്ക് തൊഴിൽ, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാർത്ഥ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം. അതിദരിദ്രരായി കണ്ടെത്തിയവർക്ക് എല്ലാ അർത്ഥത്തിലും പരമാവധി സേവനം നൽകി അവരെ പൊതുധാരയുടെ ഭാഗമാക്കണം. വാതിൽപ്പടി സേവന പദ്ധതിയിലൂടെ ഏത് സേവനവും സന്നദ്ധ സംവിധാനം വഴി എത്തിക്കണം. ഭൂരഹിതരും ഭവനരഹിതരായവർക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ വഴി സുമനസ്സുള്ളവരിൽ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ എ ഗീത, മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ടി കെ നസീമ ടീച്ചർ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ, അഡീഷണൽ സെക്രട്ടറി എം എസ് ബിജുക്കുട്ടൻ, എൽ ഐ ഡി ആന്റ് ഇ ഡി ചീഫ് എഞ്ചിനീയർ കെ. ജോൺസൺ, ചീഫ് ടൗൺ പ്ലാനർ സി പി പ്രമോദ് കുമാർ, അഡീഷണൽ ഡെവലപ്പ്മെന്റ് കമ്മീഷണർ (ജനറൽ) വി എസ് സന്തോഷ് കുമാർ, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ജോസ്ന മോൾ, ഏകീകൃത തദ്ദേശ വകുപ്പ് ജില്ലാ മേധാവി പി. ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *