ടെലിമെഡിക്കോൺ 2022 ‘ ഇന്ന് സമാപിക്കും:നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്നതിലൂടെ ആരോഗ്യമേഖലയിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് ഡോ.മെഹ്ദി സീൻ

കൊച്ചി: നിർമിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിലൂടെ, ഇന്ന് ആരോഗ്യമേഖല നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകുമെന്ന് ജനീവയിലെ ഐ-ഡിഎഐഡി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടർ ഡോ.മെഹ്ദി സീൻ പറഞ്ഞു. അമൃത ആശുപത്രിയിൽ നടക്കുന്ന ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 18-ാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ 'ആരോഗ്യമേഖലയിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ-ഇന്നും നാളെയും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യരംഗത്ത് നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. എന്നാൽ ഇതിന്റെ കാര്യക്ഷമതയെപ്പറ്റിയും ഫലപ്രാപ്തിയെപ്പറ്റിയും ഭൂരിഭാഗം ആളുകൾക്കും അറിവില്ലെന്നും ഇതിന്റെ സാധ്യതകളെപ്പറ്റി ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ചികിത്സാരംഗത്ത് 4 ഡി ബയോപ്രിന്റിംഗിന്റെ സാധ്യതകളെപ്പറ്റി ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ.സഞ്ജയ് ശർമയും, ആരോഗ്യപരിപാലന മേഖലയിൽ ടെലിമെഡിസിന്റെ പ്രധാന്യത്തെപ്പറ്റി ലഖ്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ടെലിമെഡിസിൻ ആൻഡ് ബയോ ഇൻഫോർമാറ്റിക്സ് നോഡൽ ഓഫീസർ ഡോ.പി.കെ.പ്രധാനും സംസാരിച്ചു. കോവിഡ് കാലത്ത് ചികിത്സാ രംഗത്ത് നൂതന സാങ്കേതിക വിദ്യയുടെ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ടെലിമെഡിസിൻ കൊണ്ട് സാധിച്ചതായും ഈ കാലയളവിൽ ടെലിമെഡിസിന്റെ സാധ്യതകൾ എല്ലാവർക്കും തിരിച്ചറിയാൻ സാധിച്ചെന്നും ഡോ. പ്രധാൻ പറഞ്ഞു.
സമ്മേളനത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച രാവിലെ 9 ന് ടെലിമെഡിസിനും നിയമവശങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. ഡോ.സുരേഷ് ബദാമത്, ഡോ.പി.കെ പ്രധാൻ, ഡോ.മൂർത്തി എന്നിവർ പങ്കെടുക്കും. തുടർന്ന് ടെലിപീഡിയാട്രിക്‌സിനെക്കുറിച്ചുള്ള ചർച്ചയും നടക്കും. വൈകീട്ട് 3 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ സംസ്ഥാന ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.



Leave a Reply