കയ്പ്പക്ക വിളവെടുപ്പ് ഉദ്‌ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചു

പീച്ചാംക്കോട്: വയൽനാട് ഗ്രാമശ്രീ സ്വാശ്രയ സംഘത്തിന്റെ കയ്പ്പക്ക വിളവെടുപ്പ് ഉത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സംഘം സെക്രട്ടറി ഇബ്രാഹിം അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി എം ഈശ്വര പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി വി രമേശൻ, പി.തോമസ്, സഹകാരി എ. ജോണി എന്നിവർ സംസാരിച്ചു.
കോവിഡ് കാലം പിടിമുറുക്കിയപ്പോൾ നാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങിനായി വാട്സ്ആപ്പ് ഗ്രൂപ്പ് മുഖാന്തരം തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് രണ്ടര ഏക്കറിലധികം വരുന്ന പാടത്ത് പാവയ്ക്ക കൃഷിയിലൂടെ വിജയം കൊയ്ത് യുവകർഷകർക്ക് പ്രചോദനമാകുന്നത്.
പീച്ചംക്കോട് വയൽനാട് ഗ്രാമശ്രീ സ്വാശ്രയ സംഘത്തിൽ വിവിധ തരം തൊഴിലുള്ള 13 അംഗങ്ങളാണ് ഉള്ളത്. കോവിഡ് കാലത്ത്
ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിച്ചു കൊടുത്താണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് അന്യം നിന്നുപോയ കാർഷിക മേഖലയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായി. അങ്ങനെ കൂട്ടായ ശ്രമത്തിന്റെ ഫലമായി പീച്ചങ്കോട് കോറി റോഡ് പ്രദേശത്തെ രണ്ടര ഏക്കറിൽ അധികം വരുന്ന പാടത്ത് പാവൽ,കപ്പ,വാഴ,ഇഞ്ചി,പയർ,കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയ വ്യത്യസ്ത വിളകൾ കായ്ച്ച് തുടങ്ങി.
സ്വന്തം വീടുകളിലേക്കും നാട്ടിലേക്കും വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശവുമുണ്ട്. അതോടൊപ്പം നാട്ടിലെ ആളുകൾക്ക് തൊഴിൽ നൽകാനും കുട്ടികളെ കൃഷിയിടത്തിലേക്ക് ഇറക്കി വിളകളെ പരിചയപ്പെടുത്തുവാനും, തങ്ങളോടൊപ്പം പണികളിൽ ഏർപ്പെടാനുള്ള അവസരവും നൽകുന്നു. സംഘത്തിന്റെ പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്ത്രീകളെയും രംഗത്തിറക്കുവാൻ സാധിക്കുന്നതും നേട്ടമാണ്.
കാർഷിക വിളകളാൽ സമൃദ്ധമായ നാടിനെ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലും, കാർഷിക പാരമ്പര്യം തങ്ങളുടെ നാട്ടിലെ ഭാവി തലമുറയ്ക്ക് പകർന്നു നൽകാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഈ കൂട്ടായ്മ.
ഇബ്രാഹിം,ബൈജു,നാസർ,മുകേഷ്,ബേബി,ഇഹ്‌സാൻ,അഭിലാഷ്,ജിഷിത്ത്,ബിജു,സുനിൽ,ബാബു,ജോബി,അനുരാജ് തുടങ്ങിയവരാണ് വയൽനാട് സംഘത്തിലെ അംഗങ്ങൾ.



Leave a Reply