March 21, 2023

കിഴങ്ങുകളിലെ വൈവിധ്യം; നുറാംങ്ക് ശ്രദ്ധേയമാകുന്നു

IMG-20221128-WA00362.jpg
തിരുനെല്ലി :ഗോത്ര വിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില്‍ ഒരു കാലത്ത് സ്ഥാനം പിടിച്ചിരുന്ന അത്യപൂര്‍വമായ കിഴങ്ങ് വര്‍ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകൊണ്ട് നുറാംങ്ക് കൂട്ടായ്മ. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരില്‍ മൂന്നു കുടുംബശ്രീയിലെ പത്തോളം സ്ത്രീകള്‍ ചേര്‍ന്ന് രൂപീകരിച്ച ഗ്രൂപ്പാണ് നൂറാംങ്ക്. ആദിവാസി സമൂഹം ഉപയോഗിച്ചിരുന്ന കിഴങ്ങുവര്‍ഗ്ഗങ്ങളും നാട്ടില്‍ ലഭ്യമായ കിഴങ്ങ് വര്‍ഗ്ഗങ്ങളും സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ 180 വ്യത്യസ്തങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍ ഇവിടെ സംരക്ഷിച്ചു വരുന്നു. കാച്ചില്‍, കൂര്‍ക്ക, ചേമ്പ്, മഞ്ഞള്‍, കൂവ എന്നിവയുടെ വ്യത്യസ്ഥമായ ഇനങ്ങളാണ് കേന്ദ്രത്തിലുള്ളത്. സുഗന്ധ കാച്ചില്‍, പായസ കാച്ചില്‍, കണ്ണന്‍ ചേമ്പ്, കരിന്താള്‍, വെട്ടു ചേമ്പ്, വെള്ള കൂവ, നീല കൂവ , ഹിമാചല്‍ ഇഞ്ചി, ബിരിയാണി കപ്പ അങ്ങനെ വൈവിധ്യമാര്‍ന്ന കിഴങ്ങു ശേഖരങ്ങള്‍ നുറാംങ്കിന്റെ പ്രത്യേകതയാണ്. ഈ വര്‍ഷം മുന്നൂറോളം കിഴങ്ങുകള്‍ സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.  
കാട്ടിക്കുളം ബാവലി റോഡരികിലായി ഇരുമ്പുപാലം കോളനിയിലാണ് നുറാംങ്ക് എന്ന കിഴങ്ങ് സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം വനൗഷധി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നുറാംങ്ക് സന്ദര്‍ശിക്കുകയും കൂട്ടായ്മയെ അനുമോദിക്കുകയും ചെയ്തിരുന്നു. ഗോത്ര സമൂഹം ഒരു കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന പ്രോട്ടീന്‍ അടങ്ങിയ കിഴങ്ങ് ഭക്ഷണ വിഭവങ്ങളെ വീണ്ടും തിരിച്ചു കൊണ്ടുവന്ന് പോഷകസമൃദ്ധമായ ഭക്ഷണ രീതികളെ പുതു തലമുറക്ക് പരിചയപ്പെടുത്തുകയാണ് ഈ കൂട്ടായ്മ. നിലവില്‍ ചെറിയ സന്ദര്‍ശന ഫീസ് നല്‍കി എല്ലാവര്‍ക്കും നുറാംങ്ക് സന്ദര്‍ശിക്കാന്‍ കഴിയും. വരുംവര്‍ഷങ്ങളില്‍ കിഴങ്ങ് പഠന പരിരക്ഷണ കേന്ദ്രമായി നുറാംങ്കിനെ മാറ്റുകയാണ് ലക്ഷ്യം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news