April 20, 2024

വയനാട് സാഹിത്യോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം മന്ത്രി നിർവ്വഹിച്ചു

0
Img 20221226 182226.jpg
 
മാനന്തവാടി: വയനാട് സാഹിത്യോത്സവത്തിന്റെ പ്രോഗാം ഷെഡ്യൂൾ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ  ഡയറക്ടർ ഡോ വിനോദ് കെ. ജോസ്  അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഏറ്റുവാങ്ങി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് ബി പ്രദീപ് മാസ്റ്റർ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണൻ ,  സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷിൽസൺ മാത്യു, സന്തോഷ്, വിനോദ് തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
 അരുന്ധതി റോയിയുമൊത്ത് സംവാദം മുതൽ അനാർക്കലി മരിക്കാറുടെ ബാന്റ് വരെ : പ്രഥമ വയനാട് സാഹിത്യോൽസവമൊരുക്കുന്നത് വൈവിധ്യങ്ങളുടെ ആഘോഷം
വയനാട് സാഹിത്യോത്സവത്തിന്  ഡിസം.29ന് തുടക്കമാകും
പുസ്തകോത്സവം, ചലച്ചിത്രോത്സവം, കുടുംബശ്രീ ഭക്ഷ്യമേള എന്നിവ സംഘടിപ്പിക്കും 
പ്രതിനിധികളായി അഞ്ഞൂറോളം പേർ പങ്കെടുക്കും
പൊതുജനങ്ങൾക്ക് സൌജന്യമായി പരിപാടികളിൽ പങ്കെടുക്കാം 
 സാഹിത്യകാരന്മാരും കലാകാരന്മാരുമടക്കം നൂറിൽ പരം പേർ വേദിയിൽ
ചലച്ചിത്ര താരം അനാർക്കലി മരിക്കാറുടെ ലൈവ് മ്യൂസിക്, പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ സംഗീത സംവിധാനം നിർവഹിച്ച ട്രൈബൽ ബാൻഡ്, ജുഗൽബന്ദി തുടങ്ങിയ കലാപരിപാടികൾ .
പ്രഥമ വയനാട് സാഹിത്യോത്സവത്തിന് മാനന്തവാടി ദ്വാരകയിൽ സിസം. 29ന് തുടക്കമാകും. പുസ്തകോത്സവം, ചലച്ചിത്രോത്സവം, ഫുഡ് ഫെസ്റ്റിവൽ തുടങ്ങി നിരവധി കലാ സാഹിത്യ സാംസ്കാരിക പരിപാടികൾ മൂന്നു ദിവസമായി നടക്കുന്ന സാഹിത്യോത്സവത്തിൽ അരങ്ങേറും. 
ദ്വാരക കാസ മരിയ ഓഡിറ്റോറിയത്തിലും സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, ദ്വാരക എയുപി സ്കൂൾ, ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലുമായാണ് പരിപാടികൾ നടക്കുക. സാഹിത്യോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് വയനാട് സാഹിത്യോത്സവം ഡയറക്ടറും കാരവൻ മാഗസിൻ എഡിറ്ററുമായ ഡോ. വിനോദ് കെ. ജോസ് വ്യക്തമാക്കി. 
പ്രമുഖ സാഹിത്യകാരി അരുന്ധതി റോയി, സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, സക്കറിയ, കെ.ആർ മീര, പി.കെ. പാറക്കടവ്, കൽപ്പറ്റ നാരായണൻ, മധുപാൽ, റഫീഖ് അഹമ്മദ് തുടങ്ങിയവർ  രണ്ട് ദിവസത്തെ സാഹിത്യോത്സവത്തിന്റെ വിവിധ സെഷനുകളിൽ പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് മൂന്നു ദിവസങ്ങളിലായി വിദേശ സിനിമകൾ ഉൾപ്പെടെ പ്രദർശിപ്പിക്കും. കുടുംബശ്രീയുമായി സഹകരിച്ച് ഭക്ഷ്യോത്സവവും സംഘടിപ്പിക്കുന്നുണ്ട്. അലക്സ് എം പോൾ സംവിധാനം ചെയ്ത ട്രൈബൽ ബാൻഡ്, ചലച്ചിത്ര താരം അനാർക്കലി മരിക്കാറുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക് ബാൻഡ് എന്നിവ രണ്ടു ദിവസങ്ങളിലായി അരങ്ങേറും. 
പഴശിരാജാവ് പടയാളികളെ കണ്ടെത്തിയ മണൽ വയൽ കോളനിയിൽ നിന്ന് പഴശിരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടിയിലേക്ക് ചെറുവയൽ രാമന്റെ നേതൃത്വത്തിൽ കബനി നദിക്കരയിലൂടെ നടത്തുന്ന  'ഹെറിറ്റേജ് വാക്ക് ' ഡബ്യു എൽ  എഫിന്റെ മുഖ്യ ആകർഷകങ്ങളിൽ ഒന്നാണ്.
സാഹിത്യോത്സവ പ്രതിനിധികളായി അഞ്ഞൂറോളം പേരാണ് പങ്കെടുക്കുക. ഇവർക്കു മാത്രമായി രാത്രികളിൽ ക്യാമ്പ് ഫയറും തീകായൽ വായനയും സംഘടിപ്പിക്കും. പ്രതിനിധികളാകുന്നവർക്ക് മാത്രമായി ചില സെഷനുകൾ നീക്കിവച്ചിട്ടുണ്ടെങ്കിലും മൂന്നു ദിവസത്തെയും സാഹിത്യോത്സവത്തിന് പ്രവേശനം സൌജന്യമാണെന്ന് സാഹിത്യോത്സവം ക്യുറേറ്റർമാരായ വി.എച്ച് നിഷാദ്, ജോസഫ് കെ. ജോബ് എന്നിവർ പറഞ്ഞു. 
മാവേലി മൺറം, നെല്ല്, കബനി, ആഴി എന്നിങ്ങനെ നാലു വേദികളിലായാണ് പരിപാടികൾ നടക്കുക. 29ന് രാവിലെ 9 മണിക്ക് പ്രധാന വേദിയായ മാവേലി മൺറത്തിൽ ജുഗൽബന്ദിയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. ഇതേസമയത്തുതന്നെ രണ്ടാം വേദിയായ നെല്ലിൽ സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനം നടക്കും. 
10.30 മുതൽ എഴുത്തിന്റെ വയനാടൻ ഭൂമിക എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. ഷാജി പുൽപ്പള്ളി മോഡറേറ്ററാകുന്ന സംവാദത്തിൽ കൽപ്പറ്റ നാരായണൻ, കെജെ ബേബി, ഷീല ടോമി, കെ.യു ജോണി എന്നിവർ പങ്കെടുക്കും. 
ലോക നവീകരണത്തിന് ദളിത് ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ കെ.കെ. സുരേന്ദ്രൻ മോഡറേറ്ററാകും. സണ്ണി കപിക്കാട്, ധന്യ വേങ്ങച്ചേരി, സുകുമാരൻ ചാലിഗദ്ധ, മണിക്കുട്ടൻ പണിയൻ എന്നിവർ പങ്കെടുക്കും. 
രണ്ടാം വേദിയായ നെല്ലിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പി.കെ. പാറക്കടവിനൊപ്പം വയനാടൻ കോലായ എന്ന പേരിൽ സാഹിത്യ വർത്തമാനം സംഘടിപ്പിക്കും. വയനാട്ടിലെ പ്രമുഖ സാഹിത്യകാരായ ജിത്തു തമ്പുരാൻ, ഷീമ മഞ്ചാൻ, സ്റ്റെല്ല മാത്യു, ആലീസ് ജോസഫ്, അനീസ് മാനന്തവാടി, പ്രതീഷ് താന്നിയാട്, ദാമോദരൻ ചീക്കല്ലൂർ, ആയിഷ മാനന്തവാടി എന്നിവർ പങ്കാളികളാകും. 
വിവിധ പുസ്തകങ്ങളുടെ പ്രകാശനവും തുടർന്ന് നടക്കും. 2.30ന് ആരംഭിക്കുന്ന കവിയരങ്ങിൽ മുസ്തഫ ദ്വാരക മോഡറേറ്ററാകും. അസീം താന്നിമൂട്, ആർ ലോപ, കെ.വി. സിന്ധു, ഷീജ വക്കം, ആർ തുഷാര, എംപി പവിത്ര, വിമീഷ് മണിയൂർ, അബ്ദുൾ സലാം, വിഷ്ണു പ്രസാദ്, സാദിർ തലപ്പുഴ, അനിൽ കുറ്റിച്ചിറ, പ്രീത ജെ പ്രിയദർശിനി തുടങ്ങിയവർ പങ്കെടുക്കും. 
വൈകുന്നേരം മൂന്നുമണിക്ക് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ബീന പോൾ നിർവഹിക്കും. തുടർന്ന് നടക്കുന്ന ലോകസിനിമയും മലയാളസിനിമയും എന്ന സംവാദത്തിൽ ഒകെ ജോണി മോഡറേറ്ററാകും. ബീന പോൾ, മുഹമ്മദ് സാജിർ, പി നവീന എന്നിവർ പങ്കെടുക്കും. 
വൈകുന്നേരം നാലുമണിക്ക് നടക്കുന്ന കഥയരങ്ങ്- കഥയുടെ ചില വർത്തമാനങ്ങൾ എന്ന പരിപാടിയിൽ സക്കറിയ, പി.കെ. പാറക്കടവ്, എസ്. സിതാര, വി.എച്ച് നിഷാദ് എന്നിവർ പങ്കെടുക്കും. അബിൻ ജോസഫ് ചർച്ച നയിക്കും. 
നാലു മണിക്ക് നെല്ലിൽ നടക്കുന്ന കോവിഡാനന്തര ലോകം – ആരോഗ്യം, സാഹിത്യം, സംസ്കാരം എന്ന സംവാദത്തിൽ കൽപ്പറ്റ നാരായണൻ, ഡോ. ടി. ജയകൃഷ്ണൻ, ഡോ. ഗോകുൽദേവ്, ശ്യാം സുധാകർ എന്നിവർ പങ്കെടുക്കും. മനു പി. ടോംസ് മോഡറേറ്ററാകും. 
വൈകുന്നേരം 5.45ന് വേദി ഒന്നിൽ ഇന്ത്യൻ സംസ്കാരം – ബഹുസ്വരതയുടെ പ്രതിസന്ധി എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും. 
വൈകുന്നേരം 6.45ന് പ്രശസ്ത സാഹിത്യകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയിയുമായി ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും എന്ന വിഷയത്തിൽ സംവദിക്കും. അരുന്ധതി റോയിയുടെ ആസാദി എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ പുസ്തകം വിവർത്തനം ചെയ്ത ജോസഫ് കെ ജോബ് അവതരിപ്പിക്കും. 
രാത്രി എട്ടിന് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കിനെ ആസ്പദമാക്കി നവാസ് മന്നൻ അവതരിപ്പിക്കുന്ന കഥാവിഷ്കാരം നടക്കും. തുടർന്ന് ട്രൈബൽ ബാൻഡിന്റെ സംഗീത നിശ അരങ്ങേറും. 
രണ്ടാം ദിവസം രാവിലെ ആറുമണിക്ക് നാട്ടറിവുകൾ തേടി രാമേട്ടനോടൊപ്പം എന്ന ചരിത്ര നടത്തം സംഘടിപ്പിക്കും. മണൽവയൽ കോളനിയിൽ നിന്ന് തുടങ്ങി കമ്മന വഴി പഴശികുടീരം വരെ ഏഴു കിലോമീറ്ററോളം ദൂരമാണ് ഹെറിറ്റേജ് വാക്ക് നടത്തുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *