April 19, 2024

സൗജന്യ നിയമ സഹായം;ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ തുടങ്ങി

0
Gridart 20230103 1722579222.jpg
കൽപ്പറ്റ :നിര്‍ധനര്‍ക്ക് നിയമ സഹായം നല്‍കുന്ന ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സംവിധാനം ജില്ലയില്‍ ആരംഭിച്ചു. ക്രിമിനല്‍ കേസുകളില്‍ അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജും കെല്‍സ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ കെ. വിനോദ്ചന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലിന്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.കെ അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനായി രൂപീകരിച്ച പദ്ധതി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. മുഴുവന്‍സമയ അഭിഭാഷകരുടെ സേവനം ജില്ലാ ആസ്ഥാനങ്ങളില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്ന 
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ക്രിമിനല്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലീഗല്‍ എയ്ഡ് ഡിഫെന്‍സ് കൗണ്‍സില്‍ സംവിധാനത്തിലൂടെ ഉറപ്പാക്കും. രാജ്യത്ത് 350 ജില്ലകളിലാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. ദേശീയ നിയമ സേവന അതോറിറ്റി (കെല്‍സ) 2019 ല്‍ പൈലറ്റ് പ്രോജക്ടായി എറണാകുളത്തടക്കം രാജ്യത്തുടനീളമുള്ള 13 ജില്ലകളില്‍ പദ്ധതി നടപ്പാക്കിയിരുന്നു.
നിയമ സഹായ വ്യവസ്ഥയ്ക്ക് ഏകീകൃത സ്വഭാവവും വ്യവസ്ഥാപിത സംവിധാനവും നല്‍കാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച് ചീഫ് ലീഗല്‍ കൗണ്‍സില്‍, ഡെപ്യൂട്ടി കൗണ്‍സില്‍ ഇവര്‍ക്ക് കീഴില്‍ അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്, ലൈബ്രറി അടക്കമുള്ള ഓഫീസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നിയമോപദേശവും അര്‍ഹരായവര്‍ക്ക് നിയമസഹായവും ലഭ്യമാക്കും. ജാമ്യാപേക്ഷകളും റിമാന്‍ഡും കൈകാര്യം ചെയ്യുന്നതിനടക്കം നിയമസഹായവും നല്‍കും. 
സി.ജെ.എം കെ.ആര്‍ സുനില്‍കുമാര്‍, കുടുംബ കോടതി ജഡ്ജ് ടി.പി സുരേഷ് ബാബു, മുന്‍സിഫ് മജിസ്ട്രേറ്റ് പി. വിവേക്, ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ സി. ഉബൈദുള്ള, ഗവ. പ്ലീഡര്‍ അഡ്വ.എം.കെ ജയപ്രമോദ്, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എ.ജെ ആന്റണി, കല്‍പ്പറ്റ അഡ്വ. ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് കെ. നാണു, ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. വി.കെ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *