April 25, 2024

വാര്‍ഷിക പദ്ധതി നിര്‍വ്വഹണം 77.14 ശതമാനം: ജില്ലാ വികസന സമിതി യോഗം

0
Img 20230105 170554.jpg
കൽപ്പറ്റ : ഡിസംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനില്‍ ചേര്‍ന്നു. വിവിധ വകുപ്പുകളുടെ 2022 -23 വാര്‍ഷിക പദ്ധതികള്‍, എം.എല്‍.എമാരുടെ പ്രത്യേക വികസന നിധി, ആസ്തി വികസന ഫണ്ട് എന്നിവയുടെ നിര്‍വ്വഹണ പുരോഗതി യോഗം അവലോകനം ചെയ്തു. പ്ലാന്‍ ഫണ്ട് ഇനത്തില്‍ 77.14 ശതമാനം നിര്‍വ്വഹണ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ക്കായി സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കിയ 177.48 കോടിയില്‍ 136.91 കോടി രൂപ ചെലവിട്ടതായി യോഗം വിലയിരുത്തി. അമ്പത് ശതമാനത്തില്‍ താഴെ മാത്രം തുക ചെലവഴിച്ച വകുപ്പുകള്‍ പദ്ധതി നടത്തിപ്പില്‍ വേഗം കൂട്ടണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. 
പട്ടികജാതി വികസന വകുപ്പിന്റെ പി.എം-എ.ജെ.എ.വൈ പദ്ധതിയില്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്നതില്‍ വകുപ്പുകള്‍ വേണ്ടത്ര താല്‍പര്യം കാണി ക്കുന്നില്ലെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. മൂന്ന് പ്രോജക്ടുകള്‍ മാത്രമാണ് നിലവില്‍ ലഭ്യമായത്. ജില്ലയിലെ പട്ടികജാതി കോളനികള്‍ സംബന്ധിച്ച വിവരങ്ങള്‍ വകുപ്പുകള്‍ക്ക് ലഭ്യമാക്കാന്‍ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി കോളനികള്‍ സന്ദര്‍ശിച്ച് അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കാനും എം.എല്‍.എ നിര്‍ദ്ദേശിച്ചു. 
കാപ്പി, കുരുമുളക് സീസണില്‍ തോട്ടങ്ങളില്‍ കുട്ടികളെ തൊഴിലെടുപ്പിക്കുന്ന സാഹചര്യം ഉണ്ടാകാനിടയുളളതിനാല്‍ പോലീസിന്റെ ശക്തമായ ഇടപെടല്‍ വേണമെന്ന് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. മാതാപിതാക്കളോടൊപ്പവും  അല്ലാതെയും സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍   വിവിധ തൊഴിലുകള്‍ക്ക് ഉപയോഗിക്കുന്നതുമൂലം പല വിദ്യാലയങ്ങളിലും കുട്ടികള്‍ പതിവായി വിദ്യാലയങ്ങളില്‍ എത്താത്ത സാഹചര്യമുളളതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗോത്രവിഭാഗത്തില്‍ നിന്നടക്കം കുട്ടികളുടെ ഹാജരില്ലായ്മക്കും കൊഴിഞ്ഞു പോക്കിനും ഇത് ഒരു പരിധിവരെ  കാരണമാകുമെന്ന് ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. ജോലികള്‍  ക്ക് പോകുന്നതുമൂലം സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനാധ്യാപകര്‍ വഴി ശേഖരിച്ച് നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌ക്കൂള്‍  അധികൃതര്‍  ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസ് നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തികരിക്കാന്‍ ടൂറിസം വകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. വര്‍ഷങ്ങളായി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകാതെ നില്‍കുന്ന സാഹചര്യത്തിലാണ് വികസന സമിതി യോഗം ഇടപെടല്‍ നടത്തിയത്. 21 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടക്കുന്നത്. കിറ്റ്‌കോയാണ് പ്രവൃത്തികള്‍ ഏറ്റെടുത്തത്. 
ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ .മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *