April 23, 2024

ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: അഡ്വ.ടി.സിദ്ധിഖ് എം.എല്‍.എ

0
Img 20230114 172238.jpg
കല്‍പ്പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ നടമ്മേലില്‍ ജനവാസ മേഖലയില്‍ നാടിനെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവയെ മയക്ക് വെടി വെച്ച് പിടികൂടിയെങ്കിലും ജനങ്ങളുടെ ആശങ്കക്കും വന്യമൃഗ ശല്യത്തിനും ശാശ്വത പരിഹാരം കാണണമെന്ന് നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് ആവശ്യപ്പെട്ടു. കേരളത്തിലെ വനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വന്യമൃഗങ്ങള്‍ പെരുകിയിരിക്കുകയാണ്. ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ സംവിധാനമുണ്ടെങ്കിലും ഇവിടെ അതില്ലാത്തത് ഗൗരവകരമായിട്ടുള്ള പ്രജനന നിയന്ത്രണമില്ലാത്തത് വളരെ ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. സൗത്ത് വയനാട്ടില്‍ കഴിഞ്ഞ ചുരുങ്ങിയ മാസങ്ങള്‍ക്കകം 55 കടുവകളുടെ സ്‌പോട്ടിംഗ് നടന്നു. ആര്‍.ആര്‍.ടി വേണമെന്നുള്ളതും, താല്‍കാലിക ജീവനക്കാരെ നിയമിക്കാന്‍ സൗകര്യം ചെയ്യണമെന്നുള്ളതും, ആവശ്യത്തിന് ഉപകരണങ്ങള്‍ നല്‍കണമെന്നുള്ളതായിട്ടുള്ള മുറവിളി സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. വന്യമൃഗാക്രമണം മൂലം മരണപ്പെടുന്നയാളുകള്‍ക്ക് 10 ലക്ഷം എന്നുള്ളത് 20 ലക്ഷം ആക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണം. കാരണം മരണപ്പെടുന്നവരുടെ കുടുംബം അവരുടെ മരണത്തോട് കൂടി ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. നാശനഷ്ടങ്ങളുടേയും, പരിക്കേല്‍ക്കുന്നവരുടേയും, കൃഷി-വളര്‍ത്ത് മൃഗങ്ങളുടെ നാശനഷ്ടം ഉള്‍പ്പെടെയുള്ളതിന്റെ നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും നഷ്ടപരിഹര തുക നല്‍കുന്നത് വേഗത്തിലാക്കുകയും വേണം. സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തിലെടുത്ത് പരിഹരിക്കാനാവശ്യമായിട്ടുള്ള നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞദിവസം മാനന്തവാടി പുതുശേരിയില്‍ കടുവാക്രമണം മൂലം കൊല്ലപ്പെട്ട തോമസിന്റെ മരണമുള്‍പ്പെടെ കൊല്ലപ്പെടുന്നയാളുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ധനസഹായം നല്‍കിയാല്‍ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ഇതോടൊപ്പം വന്യമൃഗാക്രമണം മൂലം മരണമടയുന്നയാളുകളുടെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി ഉറപ്പ് വരുത്തുകയും വേണം.  വന്യമൃഗശല്യം അടിക്കടി ഉണ്ടാകുന്ന ജില്ല എന്ന നിലക്ക് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല. എം.എല്‍.എ ഫണ്ടും, ജനങ്ങള്‍ ജനകീയമായി സ്വരൂപിക്കുന്ന ഫണ്ടും ഉപയോഗിച്ചാണ് നിലവില്‍ ഫെന്‍സിംഗ് നടത്തുന്നത്. സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്ന് പുറകോട്ട് പോകുന്നത് അഭിലഷണീയമല്ല. സര്‍ക്കാര്‍ പുറകോട്ട് പോകുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും എം.എല്‍.എ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *