April 26, 2024

വന്യമൃഗശല്യം: മീറ്റിംങ്ങുകള്‍ കൊണ്ടും വാചകമടികള്‍ കൊണ്ടും കാര്യമില്ല:ടി.സിദ്ധിഖ് എം.എല്‍.എ

0
Img 20230116 Wa00792.jpg
കല്‍പ്പറ്റ: ജില്ലയിലെ വന്യമൃഗാക്രമണവും, കൃഷി നശിപ്പിക്കുന്നതും പതിവ് കാഴ്ചയായി മാറുകയാണ്. ഫെന്‍സിംഗ് നടത്താതെയും കാടും, നാടും വേര്‍തിരിക്കാനുള്ള നടപടി സ്വീകരിക്കാതെയും സാമ്പത്തിക സഹായം നല്‍കാതെയും മീറ്റിംഗുകള്‍ കൊണ്ടും വാചകമടികള്‍ കൊണ്ടും മാത്രം കാര്യമില്ലെന്ന് ടി.സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം മാനന്തവാടി നിയോജകമണ്ഡലത്തിലെ പുതുശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപെട്ടിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ നടയേമ്മലില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി പരിഭ്രാന്തി പരത്തിയിരുന്നു. ജില്ലയിലെ പല പ്രദേശങ്ങളിലും കടുവാ സാന്നിദ്ധ്യം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ കാടും നാടും വേര്‍തിരിക്കണം. കൃഷി ഭൂമി വേര്‍തിരിക്കുന്നതിനുവേണ്ടി ഫെന്‍സിംഗ് നടപടി പൂര്‍ത്തിയാക്കുന്നതിന് അടിയന്തരമായി ഫണ്ട് അനുവദിക്കുകയും ജനങ്ങളുടേയും കൃഷിയിടങ്ങളുടേയും സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യണം. എം.എല്‍.എ ഫണ്ടും, ജനങ്ങള്‍ ജനകീയമായി സ്വരൂപിക്കുന്ന ഫണ്ടും ഉപയോഗിച്ചാണ് നിലവില്‍ ഫെന്‍സിംഗ് നടത്തി വരുന്നത്. സൗത്ത് വയനാട്ടില്‍ കഴിഞ്ഞ ചുരുങ്ങിയ മാസങ്ങള്‍ക്കകം 55 കടുവകളുടെ സ്പോട്ടിംഗ് നടന്നു. ആര്‍.ആര്‍.ടി വേണമെന്നുള്ളതും, താല്‍കാലിക ജീവനക്കാരെ നിയമിക്കാന്‍ സൗകര്യം ചെയ്യണമെന്നുള്ളതും, ആവശ്യത്തിന് ഉപകരണങ്ങള്‍ നല്‍കണമെന്നുള്ളതായിട്ടുള്ള ആവശ്യം നിരവധി തവണ വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വന്യമൃഗാക്രമണം മൂലം മരണപ്പെടുന്നയാളുകളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി നിലവില്‍ നല്‍കുന്നത്. മരണപ്പെടുന്നവരുടെ കുടുംബം ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ ധനസഹായം 20 ലക്ഷം ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും, വന്യമൃഗശല്യം മൂലം പരിക്കേല്‍ക്കുന്നവരുടേയും, കൃഷി-വളര്‍ത്ത് മൃഗങ്ങളുടെ നാശനഷ്ടം ഉള്‍പ്പെടെയുള്ളതിന്റെ നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും നഷ്ടപരിഹര തുക നല്‍കുന്നത് വേഗത്തിലാക്കുകയും വേണം. അതോടൊപ്പം തന്നെ ജില്ലയില്‍ നിന്ന് പിടികൂടുന്ന കടുവകളെ ബത്തേരിയിലെ നാലാംമൈലിലുള്ള ഹോസ്പിറ്റാലിറ്റി സെന്ററിലാണ് സൂക്ഷിക്കുന്നത്. നിലവില്‍ ഇതിന്റെ ശേഷി നാലെണ്ണമാണ്. ഇപ്പോള്‍ തന്നെ അവിടെ ശേഷിയിലുമധികമായി. അതുകൊണ്ട് തുടര്‍ന്ന് പിടികൂടുന്നവയെ വളര്‍ത്ത് മൃഗശാലയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ നിയമങ്ങള്‍ പാലിച്ച് കൊണ്ട് സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
    വളരെ ബുദ്ധിമുട്ടിയാണ് ആര്‍.ആര്‍.ടിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കടുവയെ മയക്ക്‌വെടി വെച്ചതും, പിടികൂടിയതും. കടുവയെ പിടികൂടുന്നതിന് മുമ്പ് ആര്‍.ആര്‍.ടി ക്ക് നേരെ കടുവ പാഞ്ഞ് അടുത്തത് ഉള്‍പ്പടെയുള്ള നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ പരിചയസമ്പത്തും ട്രെയിനിഗും ലഭിച്ച ആര്‍.ആര്‍.ടി യിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളും, താല്‍കാലികമായി പരിചയസമ്പത്തുള്ള പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണം. കൂടാതെ ജില്ലയിലെ ഓരോ ഫോറസ്റ്റ് ഡിവിഷന് കീഴിലും ഓരോ ആര്‍.ആര്‍.ടികള്‍ രൂപീകരിക്കണം. വയനാട് ജില്ലയില്‍ നിലവിലുള്ള ആര്‍.ആര്‍.ടിയെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ഒഴിവാക്കുകയും വേണം. വയനാട് ജില്ലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും, ഫെന്‍സിംഗിന് അടിയന്തിര ഫണ്ട് അനുവദിക്കുന്നതിനും, നിലവിലുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിനും, സൗത്ത് വയനാട് ഡിവിഷനില്‍ അടിയന്തിരമായി ആര്‍.ആര്‍.ടി അനുവദിക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും വയനാട് കളക്‌ട്രേറ്റില്‍ വെച്ച് നടന്ന വനം വകുപ്പ് മന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തില്‍ വനം വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ടി. സിദ്ധിഖ് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *