March 21, 2023

വൈദ്യുതി പ്രസരണ വിതരണ നവീകരണം; ജില്ലയില്‍ 418 കോടി രൂപയുടെ പദ്ധതി

IMG_20230204_193445.jpg

കൽപ്പറ്റ : ജില്ലയിലെ വൈദ്യുതി വിതരണ മേഖലയില്‍ നവീകരണവും വികസനവും ലക്ഷ്യമിടുന്നതിനായി കെ.എസ്.ഇ.ബി 418.084 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കി. വിതരണ ശൃംഖലയ്ക്കായി 333.60 കോടി രൂപയുടെയും ഉപ പ്രസരണ ശൃഖംലക്കായി 84.48 കോടിയുടെയും പദ്ധതികളാണ് ആവിഷ്‌കരിച്ചത്. കല്‍പ്പറ്റ ഓഷീന്‍ ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച ശില്‍പ്പശാലയിലാണ് പദ്ധതികള്‍ രൂപപ്പെടുത്തിയത്. തയ്യാറാക്കിയ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാറിന്റെ നവീകരിച്ച വിതരണ മേഖല പദ്ധതിയില്‍ (ആര്‍.ഡി.എസ്.എസ്) ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിന് ഊര്‍ജ്ജ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. 
നിലവിലുള്ള വൈദ്യുതി പ്രസരണ വിതരണ ശൃംഖല പരിഷ്‌കരിക്കുക, ഊര്‍ജ്ജ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക, ഊര്‍ജ്ജ മേഖലയുടെ സാമ്പത്തിക സുസ്ഥിരത, ആധുനികവല്‍ക്കരണം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവയാണ് വികസനപദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററിങ്, ഫീഡര്‍, ബോര്‍ഡര്‍, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയുമായി ബന്ധപ്പെട്ടുളള സ്മാര്‍ട്ട് മീറ്റര്‍, വിതരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കെ.എസ്.ഇ.ബി.എല്‍ ജീവനക്കാരുടെ സാങ്കേതിക മികവും ശേഷിയും വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനം തുടങ്ങിയവ പദ്ധതിയിലെ പ്രധാന ഘടകങ്ങളാണ്. ഒക്ടോബറില്‍ നടന്ന വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വിഹിതം അനുവദിക്കാമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകള്‍ ആര്‍.ഡി.എസ്.എസ് പദ്ധതിയില്‍ കൂടുതല്‍ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
*അംഗീകാരം തേടുന്ന പദ്ധതികള്‍*
· പുതിയ സബ്സ്റ്റേഷന്‍ – 5 എണ്ണം ( 10 കോടി)
· പുതിയ 33 കെ.വി ലൈന്‍ – 36 കി.മീ ( 26.17 കോടി)
· 33 കെ.വി റീ കണ്ടക്ടറിങ്ങ് – 60.5 കി.മീ ( 36.30 കോടി)
· 110 കെവി/33 കെ.വി ട്രാന്‍സ്ഫോര്‍മര്‍ – 3 എണ്ണം ( 12 കോടി)
· പുതിയ എച്ച്. ടി ലൈന്‍ – 268.25 കി.മീ (65.84 കോടി)
· പുതിയ എല്‍.ടി ലൈന്‍ – 156.03 കി.മീ ( 16.30 കോടി)
· എച്ച്. ടി ലൈന്‍ റീകണ്ടക്ടറിങ് – 263.44 കി.മീ (48.69 കോടി)
· എല്‍.ടി ലൈന്‍ റീകണ്ടക്ടറിങ് – 1653.38 കി.മീ (112.72 കോടി)
· പുതിയ ട്രാന്‍സ്ഫോര്‍മര്‍ 100 എണ്ണം ( 4.67 കോടി)
· പഴയ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കല്‍ – 81 എണ്ണം ( 3.15 കോടി)
· എല്‍.ടി ലൈന്‍ പരിവര്‍ത്തന പ്രവൃത്തികള്‍ – 684 കി.മീ (79.86 കോടി)
· റിങ്ങ് മെയിന്‍ യൂണിറ്റ് സ്ഥാപിക്കല്‍ – 47 എണ്ണം (2.35 കോടി)
*പദ്ധതി തുക തദ്ദേശ സ്വയം ഭരണ സ്ഥാപനം അടിസ്ഥാനത്തില്‍*
പ്രസരണ – വിതരണ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്കായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ അംഗീകരിച്ചത് ഇപ്രകാരമാണ് . (തുക കോടിയില്‍). അമ്പലവയല്‍ – 12.86 , എടവക – 10.35, കണിയാമ്പറ്റ – 11.42 , കോട്ടത്തറ – 6.03, മീനങ്ങാടി – 15.04, മേപ്പാടി – 23.49, മുളളന്‍കൊല്ലി – 14.16 , മൂപ്പൈനാട് – 11.89, മുട്ടില്‍ – 11.91, നെന്‍മേനി – 12.08, നൂല്‍പ്പുഴ – 4.86, പടിഞ്ഞാറത്തറ -22.81, പനമരം – 19.91, പൂതാടി – 17.82, പൊഴുതന -9.55, പുല്‍പ്പള്ളി -47.07, തരിയോട് – 4.81, തവിഞ്ഞാല്‍ – 20.91, തിരുനെല്ലി – 16.81, തൊണ്ടര്‍നാട് – 12.78, വെള്ളമുണ്ട- 25.97, വെങ്ങപ്പള്ളി – 5.99, വൈത്തിരി – 14.29, കല്‍പ്പറ്റ – 22.52, മാനന്തവാടി – 15.90, ബത്തേരി – 26.71.   
ശില്‍പ്പശാല ടി. സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ. ഷാജു, ഐ.ടി ചീഫ് എഞ്ചിനിയര്‍ എം.എ പ്രവീണ്‍, നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എഞ്ചിനിയര്‍ ഹരീശന്‍ മൊട്ടമ്മല്‍, ട്രാന്‍സ്മിഷന്‍ ചീഫ് എഞ്ചിനിയര്‍ (നോര്‍ത്ത്) വി. ശിവദാസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ കെ. രജികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധികള്‍, അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *