വൃത്തിയുടെ നഗരം; മാലിന്യം വലിച്ചെറിഞ്ഞാല്‍ കാല്‍ ലക്ഷം രൂപ വരെ പിഴ

ബത്തേരി : വൃത്തിയുടെ നഗരമായ സുല്‍ത്താന്‍ ബത്തേരിയില്‍ ഇനി മുതല്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ നല്‍കേണ്ടിവരും. നഗരത്തില്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ 25,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. നഗരസഭയില്‍ ക്ലീന്‍ സിറ്റി മാനേജരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. വൃത്തിയാക്കിയ റോഡരികില്‍ ശുചിത്വ സന്ദേശ ബോര്‍ഡുകള്‍, സി.സി.ടി.വി എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് അറിയിച്ചു.
പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനോടനുബന്ധിച്ച് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ വിവിധ സ്ഥലങ്ങള്‍ വൃത്തിയാക്കി. കൊളഗപ്പാറ മുതല്‍ ദൊട്ടപ്പന്‍കുളം വരെയും, ചുങ്കം മുതല്‍ തൊടുവെട്ടി വരെയും ബീനച്ചി മുതല്‍ മന്ദംകൊല്ലി വരെയും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് ഭാഗത്തും റോഡിന് വശത്തുള്ള കാടുകള്‍ വെട്ടിമാറ്റി വൃത്തിയാക്കി. പൊതു റോഡിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു.



Leave a Reply