ഗോത്ര പാരമ്പര്യ സ്മൃതികളുണർത്തി എങ്കളെ മേളം

കാവുംമന്ദം: പാരമ്പര്യ ഗോത്ര കലകളും ആചാരാനുഷ്ഠാനങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് തരിയോട് ഗവ. എൽ പി സ്കൂളിൽ 'എങ്കളെ മേളം' എന്ന പേരിൽ സംഘടിപ്പിച്ച ഗോത്ര ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് വാസുദേവൻ ചീക്കല്ലൂർ, കവി ശിവൻ പിള്ള മാസ്റ്റർ, കലാകാരൻ ജനാർദ്ദനൻ മാസ്റ്റർ എന്നിവർ വ്യത്യസ്ത മേഖലകളിൽ വിഷയാവതരണം നടത്തി.
സ്കൂൾ പരിധിയിലുള്ള വിവിധ കോളനികളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച കമ്പള നാട്ടി, വട്ടക്കളി, നൃത്ത രൂപങ്ങൾ, ഗാനാവിഷ്കാരം, പാരമ്പര്യ വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവ പരിപാടിക്ക് മിഴിവേകി. ഗോത്ര കലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ വെച്ച് ആദരിക്കുകയും ചെയ്തു. എം പി ടി എ പ്രസിഡണ്ട് രാധിക ശ്രീരാഗ്, സീനിയർ അസിസ്റ്റൻറ് സിപി ശശികുമാർ, സലീം വാക്കട, സിനി അനീഷ്, വിനു വയനാട് തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക ബിന്ദു തോമസ് സ്വാഗതവും എം പി കെ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.



Leave a Reply