കപ്പ് ഓഫ് ഹോപ്പ് പദ്ധതിയ്ക്ക് മീനങ്ങാടിയില്‍ തുടക്കമായി

മീനങ്ങാടി: ആര്‍ത്തവ ശുചിത്വ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന കപ്പ് ഓഫ് ഹോപ്പ് പദ്ധതിയ്ക്ക് മീനങ്ങാടിയില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയ്ക്കായി പതിനാറ് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആശാ വര്‍ക്കര്‍, അങ്കണവാടി ടീച്ചര്‍, ഹെല്‍പ്പര്‍, ഹെല്‍ത്ത് വളണ്ടീയര്‍ എന്നിവരില്‍ നിന്നും നൂറിലധികം പരിശീലകരെ സൃഷ്ടിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീ സൗഹൃദവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച് വ്യാപകമായ ബോധവര്‍ക്കരണം നടത്തി അയ്യായിരം മെന്‍സ്ട്രല്‍ കപ്പുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. വരുംവര്‍ഷത്തോടെ എല്ലാ വനിതകള്‍ക്കും മെന്‍സ്ട്രല്‍ കപ്പ് ലഭ്യമാക്കും. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും തുറന്ന ചര്‍ച്ചയ്ക്ക് വേദിയൊരുക്കുകയുമാണ് കപ്പ് ഓഫ് ഹോപ്പ്.
ഒറ്റത്തവണ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഗൗരവതരമാണ്. നിലവില്‍ ഇത്തരം പാഡുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പരിസ്ഥിതി സൗഹൃദമായ രീതികളൊന്നും തന്നെയില്ല. ബഹുഭൂരിപക്ഷം ആളുകളും ഉപയോഗശേഷം പാഡുകള്‍ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുകയാണ് പതിവ്. ഈ രണ്ട് രീതികളും പാരിസ്ഥിതികമായ ഏറെ ദോഷം ചെയ്യുന്നവയാണ്. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിലൂടെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും. ഒരു സ്ത്രീ പ്രതിവര്‍ഷം 130 മുതല്‍ 260 വരെ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്ന കണക്കുകള്‍. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്ന ഒരു വനിത ശരാശരി 3.9 കിലോ ഗ്രാം സാനിറ്ററി പാഡ് മാലിന്യം ഒഴിവാക്കുന്നു എന്നാണ് കണക്കുകള്‍. ഈ മാലിന്യം കത്തിക്കുന്നതിലൂടെ വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നതിനോടൊപ്പം കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിനും കാരണമാകുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്ന നിലയില്‍ അയ്യായിരം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിലൂടെ പ്രതിവര്‍ഷം പത്തൊമ്പത് ടണ്‍ തത്തുല്യ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ പഞ്ചായത്തിന് സാധിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. ടൗണ്‍ പ്ലാനര്‍ ഡോ. ആതിര രവി, എച്ച്.എല്‍.എല്‍ കണ്‍സള്‍ട്ടന്റ് ഡോ. ഘന എന്നിവര്‍ ക്ലാസ്സെടുത്തു. വൈസ് പ്രസിഡണ്ട്. കെ.പി. നുസ്രത്ത്, ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, ലിസ്സി പൗലോസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. കുഞ്ഞിക്കണ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.എന്‍. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply