എന്‍.എം.എസ്.എം കോളേജില്‍ ഔഷധ സസ്യ പച്ചത്തുരുത്ത് ഒരുങ്ങുന്നു

കൽപ്പറ്റ :ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ഔഷധസസ്യ പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നു. കോളേജിനോട് ചേര്‍ന്ന പത്ത് സെന്റ് ഭൂമിയിലാണ് ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനായി പച്ചത്തുരുത്ത് ഒരുക്കുന്നത്. അപൂര്‍വ്വ ഇനത്തില്‍പ്പെട്ടതും അന്യം നിന്നുപോകുന്നതുമായ മുപ്പത്തഞ്ചോളം ഔഷധ സസ്യഇനങ്ങള്‍ ഇവിടെ ജൈവവൈവിധ്യം ഒരുക്കും. കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹായത്തോടെയാണ് പരിപാലനം. ഔഷധസസ്യങ്ങളുടെ നടീല്‍ തിങ്കളാഴ്ച്ച (മാര്‍ച്ച് 6 ) രാവിലെ 11.30 ന് കര്‍ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു പദ്ധതി അവതരണം നടത്തും. രാവിലെ 10 ന് നാച്ച്വര്‍ ടെല്‍സ് ദ സ്റ്റോറി എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളുമായി സംവാദവും നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, വാര്‍ഡ് അംഗം സബീര്‍ ബാബു, പ്രിന്‍സിപ്പാള്‍ ഷാജി എം തദേവൂസ് തുടങ്ങിയവര്‍ പങ്കെടുക്കും.



Leave a Reply