ബീയ്യൂട്ടിക്ക് സ്വപ്ന സാഫല്യം ;മന്ത്രി കെ.രാജനില്‍ നിന്നും പട്ടയ രേഖ സ്വന്തമാക്കി

കൽപ്പറ്റ : എണ്‍പത്തിയഞ്ചുകാരിയായ തേറ്റമല കള്ളിയത്ത് ബീയ്യൂട്ടി ആരോഗ്യാവസ്ഥകളൊന്നും വകവെക്കാതെയാണ് പട്ടയമേളയിലെത്തിയത്. സ്വന്തം കൈവശമുള്ള 66 സെന്റ് സ്ഥലത്തിന് ഒടുവില്‍ പട്ടയം കിട്ടുന്നുവെന്ന സന്തോഷ നിമിഷത്തില്‍ പങ്കു ചേരണം. 1965 മുതല്‍ കൈവശ രേഖയ്ക്ക് അപേക്ഷ കൊടുത്തുവരികയാണ്. ഭര്‍ത്താവ് കുഞ്ഞിമുഹമ്മദിന്റെയും സ്വപ്നമായിരുന്നു ഈ ഭൂമിക്ക് പട്ടയം കിട്ടുകയെന്നത്. 31 വര്‍ഷം മുമ്പ് ഭര്‍ത്താവ് വിടപറഞ്ഞു. അതിന് ശേഷം പിന്നെയും കാലം കഴിഞ്ഞു. ഏറ്റവും ഒടുവില്‍ രണ്ട് മാസം മുമ്പ് അനുകൂലമായ തീരുമാനം വന്നു. ഈ ഭൂമിക്ക് കൈവശരേഖ അനുവദിച്ചു. അധികം വൈകാതെ ഇപ്പോള്‍ പട്ടയവും. ഒമ്പത് മക്കളടങ്ങുന്ന കുടുംബത്തിനും ഇത് ആഹ്ലാദ നിമിഷമായി. ബീയ്യൂട്ടിയുടെ പേര് വിളിച്ചതും അവശതകള്‍ വകവെക്കാതെ ബീയ്യൂട്ടി സ്റ്റേജിലേക്ക് കയറി. മന്ത്രി കെ,രാജനില്‍ നിന്നും പട്ടയ രേഖ കെയ്യില്‍ കിട്ടയ സമയം. സന്തോഷത്തിന്റെ ആ ആശ്ലേഷണത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് ബീയ്യൂട്ടിയും പട്ടയമേളയുടെ നിറഞ്ഞ കാഴ്ചയായി. ഒടുവില്‍ സ്വന്തം ഭൂമിയുടെ രേഖയുമായി മകന്റെ കൈപിടിച്ച് എല്ലാവരോടും യാത്ര പറഞ്ഞായിരുന്നു ബീയ്യൂട്ടിയുടെ വീട്ടിലേക്കുള്ള മടക്കം.



Leave a Reply