March 28, 2024

കേരളത്തിലെ റേഷൻ കടകൾ വ്യാപാരികൾ ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളത് :അഡ്വ.ജോണി നെല്ലൂർ

0
Img 20230312 185006.jpg
മാനന്തവാടി: കേരളത്തിലെ റേഷൻ കടകൾ വ്യാപാരികൾ ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്നും, പൊതുവിതരണ മേഖലയെ നിലനിർത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജോണി നെല്ലൂർ.
മാനന്തവാടിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികൾക്ക് ന്യായമായ വേതനം നൽകാത്തതിനാൽ വ്യാപാരികൾ ഏറെ ദുരിതത്തിലാണ്.
കേരളത്തിലെ 3,000 റേഷൻ വ്യാപാരികൾക്ക് 10 രൂപയിൽ താഴെയും 5,000 വ്യാപാരികൾക്ക് 20,000 രൂപയിൽ താഴെയും 3,000 വ്യാപാരികൾക്ക് 25,000 രൂപയിൽ താഴെയുമാണ് വരുമാനം ലഭിക്കുന്നത്.
ഈ വരുമാനം മാത്രം ലഭിക്കുന്നതിനാൽ റേഷൻ കടകൾ നടത്തി കൊണ്ട് പോകുവാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
2018ൽ റേഷൻ വ്യാപാരികൾക്ക് നിശ്ചയിച്ച ആനുകൂല്യങ്ങൾ ആറ് മാസം കൂടുമ്പോൾ പുതുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും അഞ്ച് വർഷമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും റേഷൻ വ്യാപാരിക്ക് 30,000 രൂപയും, സെയിൽസ് മാന് 15,000 രൂപയും, കെട്ടിട വാടകയും, വൈദ്യുതി ബില്ലും, നൽകണമെന്ന് കാണിച്ച് നിരവധി തവണ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി 13 മാസം സൗജന്യ കിറ്റ് നൽകിയതിൻ്റെ വേതനത്തിൽ മൂന്ന് മാസത്തെ വേതനം മാത്രമാണ് നൽകിയത്.  ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകൾ വേതനം നൽകാൻ ഉത്തരവിട്ടിട്ടും നൽകിയിട്ടില്ല. ഇപ്പോൾ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അഭിഭാഷകർക്ക് നൽകുന്ന പണമുണ്ടെങ്കിൽ റേഷൻ വ്യാപാരികളുടെ വേതനം നൽകാമെന്നും അതൊന്നും ചെയ്യാതെ വൈരാഗ്യ ബുദ്ധിയോടെയാണ് റേഷൻ വ്യാപാരികളോട് സർക്കാർ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സഹായമില്ലാതെ
കേരളത്തിൽ പ്രവർത്തിക്കുന്ന ഏക ക്ഷേമനിധിയായ റേഷൻ വ്യാപാരി ക്ഷേമനിധിയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണുള്ളത്.വ്യാപാരികൾ മാസം തോറും അടക്കുന്ന 200 രൂപ ഉപയോഗിച്ചാണ് ക്ഷേമനിധി ജീവനക്കാർക്ക് ശമ്പളം പോലും നൽകുന്നത്. പെൻഷൻ നൽകുന്നില്ലെന്ന് മാത്രമല്ല മരണാനന്തര ആനുകൂല്യങ്ങൾ പോലും നൽകാത്ത ക്ഷേമനിധി ബോർഡ് നാലരക്കോടി രൂപയാണ് കുടിശ്ശിഖയായി നൽകാനുള്ളത്.
ഇ. പോസ് മിഷ്യൻ യന്ത്രതകരാറ് മൂലം റേഷൻ മേഖലയുടെ പ്രവർത്തനം അവതാളത്തിലായപ്പോൾ റേഷൻ വ്യാപാരികളുടെ അനാസ്ഥ മൂലമാണ് റേഷൻ മേഖല സ്തംഭിച്ചതെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം. ഇ പോസ് മിഷ്യൻ്റെ കാല പഴക്കം മൂലമാണ് റേഷൻ മേഖല സ്തംഭിക്കുന്നതെന്ന വിദഗ്ധ സമിതി കണ്ടെത്തിയതിനാൽ റേഷൻ വ്യാപാരികളെ ആക്ഷേപിക്കുന്നതിന് പകരം മന്ത്രി പ്രസ്താവന പിൻവലിക്കുകയാണ് വേണ്ടത്. പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്കും, എം.എൽ.എ.മാർക്കും നിവേദനം നൽകും.
ഇ പോസ് മിഷ്യൻ തകരാറ് മൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് റേഷൻ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും, നിരവധി റേഷൻ വ്യാപാരികൾക്ക് മർദ്ദനമേൽക്കേണ്ടി വരുകയും, അസഭ്യവർഷം കേൾക്കേണ്ടി വരുന്ന സ്ഥിതിയുമാണുള്ളത്. ഇതിന് മാറ്റമുണ്ടാക്കണം.
ഭക്ഷ്യധാന്യം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മാർച്ച് 22 ന് പാർലിമെൻ്റിലേക്ക് മാർച്ച് നടത്തുമെന്നും ജോണി നെല്ലൂർ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ടി.മുഹമ്മദലി, പി.ഷാജി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞബ്ദുള്ള, എം.പി.അനിരുദ്ധൻ, എൻ.പ്രഭാകരൻ നായർ ,അബ്ദുൽ സലാം, ടി.ആലിക്കുട്ടി എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *