കുടിവെള്ള പ്രതിസന്ധിയില്‍ മാത്തൂര്‍വയൽ കോളനി നിവാസികള്‍

പനമരം: പനമരം പഞ്ചായത്തിലെ മാത്തൂർവയൽ കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഏകാശ്രയമായിരുന്ന കുടിവെള്ളപദ്ധതിയുടെ കണക്‌ഷനുകൾ വിച്ഛേദിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് കോളനി നിവാസികള്‍. ജലനിധിയുടെ രണ്ട് കണക്‌ഷനുകളാണ് കോളനിയിലേക്ക് ഉണ്ടായിരുന്നത്. പണം അടയ്ക്കാത്തതിനെത്തുടർന്ന് മാസങ്ങൾക്കു മുൻപ് ഇവിടേക്കുള്ള ജലവിതരണം മുടങ്ങി. നിലവിൽ ചെറിയൊരു കിണറുണ്ടെങ്കിലും ഇതിൽ നിന്നെടുക്കുന്ന വെളളം ഉപയോഗിക്കാൻ പറ്റില്ലെന്നു കോളനിക്കാർ പറയുന്നു. വേനൽ കടുത്തതോടെ കിണറ്റിലെ വെള്ളം ക്രമാതീതമായി കുറഞ്ഞു. ജലനിധിയിൽ നിന്ന് എത്തിയിരുന്ന വെളളം നിലച്ചതോടെ കോളനിയിലെ അഞ്ചോളം കുടുംബങ്ങൾ മീറ്ററുകളോളം നടന്നു സ്വകാര്യവ്യക്തികളുടെ കിണറുകളിൽ നിന്നാണ് ഇപ്പോൾ കുടിവെള്ളം ശേഖരിക്കുന്നത്. ഇതും ഏതുസമയവും നിൽക്കാമെന്ന അവസ്ഥയാണ്. കൂലിപ്പണി ഇല്ലാത്തതിനാൽ എല്ലാ മാസവും വെള്ളത്തിനായി പണം അടയ്ക്കാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ പൈപ്പ് ലൈനുകൾക്കു പകരം കോളനിയിൽ പൊതു കിണർ നിർമിച്ചു നൽകണമെന്നാണ് കോളനിക്കാരുടെ ആവശ്യം.



Leave a Reply