പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിന് ഭരണാനുമതി: ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ വിവിധ പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിനുള്ള പദ്ധതിക്കായി ഭരണാനുമതി ലഭിച്ചതായി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മാതമംഗലം എസ്.സി കോളനി, നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ എസ്.സി കോളനി എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മാതമംഗലം എസ്.സി കോളനിയെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ എസ്.സി കോളനിയെയും 2021 – 22 വർഷത്തെ അംബേദ്കർ ഗ്രാമവികസന പദ്ധതിക്കായി തെരഞ്ഞെടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് വികസന പദ്ധതി നടപ്പാക്കുന്നത്. അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായാണ് ചിറ്റൂർ കോളനിക്ക് 89,20,102 രൂപയുടെയും മാതമംഗലം കോളനിക്ക് 99,99762 രൂപയുടെയും ഭരണാനുമതി ലഭിച്ചത്. മുപ്പതോ അതിലധികമോ പട്ടികജാതിക്കാർ താമസിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോക്കം നിൽക്കുന്നതുമായ പട്ടികജാതി കോളനികളിൽനിന്നും എം.എൽ.എ ശിപാർശ ചെയ്യുന്ന രണ്ടു കോളനികളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമുള്ള മാതമംഗലം, ചിറ്റൂർ എസ്.സി കോളനികളെ അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിക്കായി ശിപാർശ ചെയ്തത്.
തെരഞ്ഞെടുക്കപ്പെടുന്ന കോളനികളിൽ ഭരണാനുമതി തുക ചെലവഴിച്ച് റോഡ്, ഡ്രൈനേജ്, തെരുവ് വിളക്ക് സ്ഥാപിക്കൽ, സാംസ്കാരിക നിലയം പണികഴിപ്പിക്കൽ, വീട് മെയിൻറനൻസ്,സാംസ്കാരിക നിലയത്തിന് ചുറ്റുമതിൽ നിർമാണം, ഇൻറർലോക്ക് പാകൽ, വൈദ്യുതീകരണം എന്നീ പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കാനാകും. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡാണ് ഈ പ്രവൃത്തിയുടെ നിർവഹണ ഏജൻസിയെന്നും ഐ.സി ബാലകൃഷ്ണൻ എം. എൽ. എ അറിയിച്ചു.



Leave a Reply