ഹരിതമായി വള്ളിയൂര്‍ക്കാവ് ഉത്സവം

മാനന്തവാടി :ഇത്തവണത്തെ വള്ളിയൂര്‍ക്കാവ് ഉത്സവം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് ആഘോഷിക്കും. ഉത്സവ നഗരിയിലെ മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കാനും മാലിന്യ മുക്തമാക്കാനുമാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നത്. മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയും വള്ളിയൂര്‍ക്കാവ് ദേവസ്വത്തിന്റെയും ഉത്സവ കമ്മറ്റിയുടെയും സഹകരണത്തോടെയാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
ഗ്രീന്‍ പ്രോട്ടോകോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിയുടെയും സബ് കളക്ടറുടെയും നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും, ക്ഷേത്ര കമ്മറ്റിയുടെയും പ്രത്യേക യോഗം ചേര്‍ന്നു. ജില്ലയിലെ പ്രധാനപ്പെട്ട ഉത്സവമായതിനാല്‍ വള്ളിയൂര്‍ക്കാവിന്റെ ഉത്സവ ദിനരാത്രങ്ങളില്‍ ഉത്സവ നഗരിയില്‍ രൂപപെടാവുന്ന ജൈവ അജൈവ മലിന്യങ്ങളുടെ തോതു കുറക്കുന്നതിനായി പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നത്. ഇതിനായി ദേവസ്വത്തിന്റെ കീഴില്‍ 30 അംഗ പ്രത്യേക വളണ്ടിയര്‍ സേനയെ സജ്ജമാക്കി. ഈ സേനയും മുനിസിപ്പാലിറ്റിയിലെ ഹരിത കര്‍മ്മ സേനയും ചേര്‍ന്നാണ് വള്ളിയൂര്‍ക്കാവിലെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതാതു ദിവസത്തെ അജൈവ മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ സേന അന്ന് തന്നെ നീക്കം ചെയ്യും. ഭക്ഷണവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കും. ഉത്സവ നഗരിയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി 150 വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനും അതു മോണിറ്റര്‍ ചെയ്യുന്നതിനുമായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ഓഫീസും തുറക്കും.
പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, നിരോധിത ക്യാരി ബാഗ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉത്സവ നഗരിയില്‍ പൂര്‍ണമായും നിരോധിച്ചു. ചായ, സ്‌നാക്‌സ് എന്നിവ ഡിസ്‌പോസിബില്‍ വസ്തുക്കളില്‍ നല്‍കരുതെന്നും കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിലെ അന്നദാനം പൂര്‍ണമായും ഇലകളും പ്ലേറ്റുകളും ഉപയോഗിച്ച് നല്‍കും.
ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളില്‍ മലിന്യത്തിന്റെ അളവ് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നത്. ഉത്സവം പോലെയുള്ള ആഘോഷങ്ങളില്‍ വലിയ രീതിയില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ രൂപപ്പെടുകയും അതു ചുറ്റുമുള്ള പരിസരങ്ങളില്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജനപങ്കാളിത്തത്തോടെയും അവരുടെ ഉത്തരവാദിത്വത്തിലൂടെയും പൊതുസ്ഥലങ്ങളില്‍ മലിന്യത്തിന്റെ അളവ് കുറക്കുന്ന തരത്തിലുള്ള ശീലവല്‍ക്കരണത്തിനും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.
മാലിന്യ ഉദ്പ്പാദനം ഇല്ലാതാക്കുക, മാലിന്യത്തിന്റെ അളവ് കുറക്കുക, രൂപപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയവക്കായി ഉപയോഗിക്കുന്ന രീതിയാണ് ഗ്രീന്‍ പ്രോട്ടോകോള്‍ അഥവാ ഹരിത ചട്ടം. കൂടാതെ പുനരുപയോഗവും പുന ചംക്രമണവും സാധ്യമായ വസ്തുക്കളുടെ ഉപയോഗം, ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഒഴിവാക്കല്‍, പ്രകൃതി സൗഹൃദ ബദല്‍ മാതൃകകളുടെ പ്രോത്സാഹനം, വലിച്ചെറിയല്‍ മുക്ത ശീലം എന്നിവയെല്ലാം ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
ഉത്സവത്തിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനും അത് ജനകീയയമാക്കുന്നതിനുമായി ഗ്രീന്‍ പ്രോട്ടോകോള്‍ മാനദണ്ഡങ്ങളെക്കുറിച്ച് ഹരിത കേരളം മിഷന്റെയും, ശുചീത്വ മിഷന്റെയും നേതൃത്വത്തില്‍ ഹരിത കര്‍മ സേനക്കും വളണ്ടിയര്‍ സേനക്കുമായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഈ ശുചിത്വ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ തന്നെ ഉത്സവ നഗരിയില്‍ എത്തുന്ന പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുന്നതിനുള്ള ബോധവല്‍ക്കരണം കൂടി പ്രചരിപ്പികും.
വള്ളിയൂര്‍ക്കാവിലെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങളില്‍ ഉത്സവ നഗരിയില്‍ എത്തുന്ന എല്ലാ പൊതുജനങ്ങളും സ്റ്റാള്‍ മേധാവികളും സഹകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളും മറ്റു ഭാരവാഹികളും അറിയിച്ചു.



Leave a Reply