കേരള പ്രീമിയർ ലീഗ്: കലാശപ്പോരാട്ടം ഇന്ന്

കല്പറ്റ : കേരള പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടത്തിനായുള്ള കലാശപ്പോരാട്ടം ഞായറാഴ്ച കല്പറ്റയിൽ നടക്കും. വൈകീട്ട് 7.30-ന് മുണ്ടേരിയിലെ എം.കെ. ജിനചന്ദ്രസ്മാരക ജില്ലാ സ്റ്റേഡിയത്തിൽ 2021-ലെ ചാമ്പ്യൻമാരായ ഗോകുലം എഫ്.സി.യും കഴിഞ്ഞവർഷത്തെ സെമിഫൈനലിസ്റ്റുകളായ കേരള യുണൈറ്റഡ് എഫ്.സി.യും തമ്മിലാണ് ഫൈനലിൽഏറ്റുമുട്ടുന്നത്. ലീഗിലെ സൂപ്പർസിക്സ് പോരാട്ടത്തിൽ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രണ്ട് ടീമുകളും വിജയപ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങുന്നത്.
കോവളം എഫ്.സി.യെ സെമിഫൈനലിൽ പരാജയപ്പെടുത്തിയാണ് ഗോകുലം എഫ്.സി. ഫൈനലിലെത്തിയത്. വയനാട് യുണൈറ്റഡ് എഫ്.സി.യെ മറികടന്നാണ് കേരള യുണൈറ്റഡ് എഫ്.സി.പോരാട്ടത്തിനിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുംകൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് ഗോകുലം എഫ്.സി. 2018-ലും 2021-ലും കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായിരുന്നു.
2020-ലെ കേരള പ്രീമിയർലീഗിൽ കപ്പുയർത്തിയ ഗോകുലം എഫ്.സി.യുടെ ഗോകുൽ കൃഷ്ണ, നിഖിൽറിഷി, യാസിം മാലിക്, രാഹുൽ, അമാൻ എന്നീ താരങ്ങൾ ഇത്തവണയും കളിക്കളത്തിലിറങ്ങുന്നുണ്ട്.
2022-ലും 2023-ലും സന്തോഷ് ട്രോഫി കളിച്ച കേരളടീമിലെ മൂന്ന് താരങ്ങൾ ടീമിലുണ്ട്. അർജുൻ ജയരാജ്, ബിപിൻ അജയൻ, അഖിൽ ജയചന്ദ്രൻ, നജീബ് എന്നീ താരങ്ങൾ വയനാട്ടുകാരാണ്.



Leave a Reply