വള്ളിയൂർക്കാവ് ആറാട്ടുത്സവം; സി.സി.ടി.വി. ക്യാമറ നിരീക്ഷണവുമായി പോലീസ്

മാനന്തവാടി : വള്ളിയൂർക്കാവ് ആറാട്ടുത്സവത്തിനെത്തുന്ന സമൂഹവിരുദ്ധരെയും പോക്കറ്റടിക്കാരെയും നിരീക്ഷിക്കാനായി പോലീസ്. സി.സി.ടി.വി. ക്യാമറവെച്ചാണ് ഉത്സവനഗരിയും സമീപപ്രദേശങ്ങളും പോലീസ് നിരീക്ഷിക്കുന്നത്. ആദ്യമായാണ് ആറാട്ടുത്സവസമയത്ത് വള്ളിയൂർക്കാവിൽ സി.സി.ടി.വി. സ്ഥാപിക്കുന്നത്. ഇതിനുപുറമേ ഷാഡോ പോലീസിന്റെ നിരീക്ഷണവുമുണ്ടാകും.
തിരക്കനുഭവപ്പെടുന്ന താഴേക്കാവിൽനിന്ന് മേലാക്കാവിലേക്കുള്ള വഴി, മേലാക്കാവ് കവാടത്തിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡ്, കാർണിവൽ മൈതാനം, എക്സിബിഷൻ ട്രേഡ് ഫെയർ മൈതാനം, താഴെക്കാവ്, ഉത്സവാഘോഷക്കമ്മിറ്റി പരിസരം എന്നിവിടങ്ങളിലെല്ലാമായി മുപ്പതോളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് മാത്രമായി പോലീസ് ഓഫീസർമാർക്ക് ചുമതല നൽകും. വള്ളിയൂർക്കാവിലെ പോലീസ് എയ്‌ഡ്പോസ്റ്റ് മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീം, പ്രിൻസിപ്പൽ എസ്.ഐ. കെ.കെ. സോബിൻ, എസ്.ഐമാരായ എം. നൗഷാദ്, ജോസ് വി. ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply