ജലചൂഷണം; കുടിവെളള പദ്ധതികൾ പ്രതിസന്ധിയില്‍

വെള്ളമുണ്ട: മലനിരകളിലെ നീര്‍ച്ചാലുകളിലും പുഴകളിലും ജലചൂഷണം വ്യാപകമായതോടെ ജലസേചന പദ്ധതികൾ ഭീഷണിയിൽ. വെള്ളമുണ്ട, തൊണ്ടർനാട് പടിഞ്ഞാറാത്തറ പഞ്ചായത്തുകളിലെ പ്രധാന പുഴകളിലെല്ലാം മോട്ടോർ സ്ഥാപിച്ച് ജല ചൂഷണം നടത്തുന്നത് വ്യാപകമാണ്. കൃഷിത്തോട്ടങ്ങൾ നനയ്ക്കുന്നതിനാണ് രാപ്പകലില്ലാതെ ജലമൂറ്റുന്നത്. ബാണാസുര മലയടിവാരത്തിലെ പുഴകൾ ഉത്ഭവിക്കുന്ന നീർച്ചാലുകളിലും വലിയ തോതിൽ ജലം സ്വകാര്യ തോട്ടങ്ങളിലേക്ക് മോട്ടോർ അടിക്കുന്നത് പുഴകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയാണ്. പുളിഞ്ഞാൽ, നെല്ലിക്കച്ചാൽ, മംഗലശ്ശേരി മലനിരകളിലെ നീർച്ചാലുകളിൽ നിന്നും സ്വകാര്യ വ്യക്തികൾ വ്യാപകമായി ജലം ഊറ്റുന്നതിനെതിരെ മുൻപ് പരാതി ഉയർന്നെങ്കിലും നടപടികൾ ഉണ്ടായില്ല. പുതുശ്ശേരിക്കടവ്, വാരാമ്പറ്റ, വാളുമുക്ക്, കക്കടവ്, നിരവിൽപുഴ എന്നീ പുഴകളിലെല്ലാം ഇത്തരത്തിലുള്ള നിരവധി മോട്ടോറുകൾ അനധികൃതമായി ജലമൂറ്റുന്നുണ്ട്. പുഴത്തീരത്ത് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. വനത്തോട് ചേർന്നു ഇത്തരത്തിൽ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വേനൽ കനത്തതോടെ പുഴകളിലെല്ലാം വളരെ കുറച്ചു വെള്ളം മാത്രമാണുള്ളത്. ഈ വെള്ളം സ്വകാര്യ തോട്ടം ഉടമകൾ ഊറ്റുന്നതിനാൽ നീർച്ചാലുകളെയും പുഴകളെയും ആശ്രയിച്ചു ജീവിക്കുന്ന ആദിവാസി കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയിലാവുകയാണ്. നീർച്ചാലുകളെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളെയും ഇത് ബാധിക്കുന്നുണ്ട്.



Leave a Reply