April 25, 2024

മഴക്കാല മുന്നൊരുക്കം; ദുരന്തസാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ നല്‍കണം

0
Ei7ybqq29212.jpg
കൽപ്പറ്റ: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണസ്ഥാപന പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും വില്ലേജ് ഓഫീസര്‍ അംഗമായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റി ഇതിന് മുന്‍കൈയ്യെടുക്കണം.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍, ആവശ്യഘട്ടത്തില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാനപങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം സമിതി പുനര്‍ നിര്‍ണ്ണയിക്കണം. പട്ടിക വാര്‍ഡ് തലത്തില്‍ തയ്യാറാക്കണം. മുന്‍വര്‍ഷങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടായിട്ടുള്ള പ്രദേശങ്ങളിലും, മലഞ്ചരിവുകളില്‍ ദുരന്ത സാധ്യത മേഖലയിലും, പുഴകള്‍, തോടുകള്‍ എന്നിവ കരകവിഞ്ഞ് ഒഴുകി അപകടമുണ്ടായിട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികയാണ് തയ്യാറാക്കേണ്ടത്. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണം. ഈ സ്ഥാപനങ്ങളിലെ കുടിവെള്ളം, വൈദ്യുതി, ശൗചാലയങ്ങള്‍ തുടങ്ങിയവ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും സുരക്ഷിതമാണെന്നും ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതല്ലെന്നും കമ്മിറ്റി ഉറപ്പുവരുത്തണം. മേയ് 20 നകം വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുഖേന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കണം. ഈ പട്ടികയുടെ പകര്‍പ്പ് ജില്ലാ പോലീസ് മേധാവിയ്ക്കും, തഹസില്‍ദാര്‍മാര്‍ക്കും ലഭ്യമാക്കും. പട്ടികകള്‍ തയ്യാറാക്കുന്നതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *