ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതിന് കേസ്

മാനന്തവാടി: മുപ്പതു വയസ്സുകാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാളുടെ പേരിൽ തിരുനെല്ലി പോലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിന്റെ പേരിലാണ് കേസ്. മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാംത്സംഗം ചെയ്തെന്നാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അജീഷ് യുവതിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. ബ്ലീഡിങ് അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷ് തന്നെയാണ് ആശുപത്രിയിൽ യുവതിക്ക് കൂട്ടിരുന്നത്. തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്ത ശേഷമാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. ഇതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പോലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്ന് യുവതി പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പോലീസ് മടങ്ങിപ്പോരുകയായിരുന്നു. സംഭവം നടന്ന് നാലാംനാളാണ് യുവതി പോലീസിനെ സമീപിച്ചത്. താൻ ആശുപത്രിയിലായത് അജീഷ് എന്നയാൾ ബലാത്സംഗം ചെയ്തതിനാലണെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിലുള്ളത്. കുടുംബക്കാർ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മർദത്താലും തനിക്ക് ഇത് പറയാൻ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ പരാതിയുണ്ടെന്നുമാണ് യുവതി പോലീസിൽ നൽകിയ പരാതി.
എസ്.സി, എസ്.ടി പ്രത്യേക വകുപ്പു പ്രകാരവും ബലാത്സംഗത്തിനുമാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച ഉച്ചവരെ ആശുപത്രി പരിസരത്തുണ്ടായിരുന്ന അജീഷിനെ വൈകീടിട്ടോടെ കാണാതായി. രാവിലെ മുതൽ അജീഷ് പോലീസിന്റെ കൺവെട്ടത്തുണ്ടായിരുന്നെങ്കിലും യുവതി പരാതിപ്പെടാത്തിനാൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല.



Leave a Reply