March 29, 2024

ഡോക്ടറുടെ മരണം: വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: കെ സുധാകരന്‍ എം പി

0
Img 20230510 165433.jpg
 ബത്തേരി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.ലഹരിക്കടിമപ്പെട്ട ഒരാളെ കൊണ്ടുവരേണ്ട രീതിയിലല്ല പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്നും,വിഷയത്തില്‍ ആരോഗ്യ മന്ത്രി വളരെ ലാഘവത്തോടെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അച്ഛനമ്മമാരുടെ ഏക മകളാണ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസ്. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് ആ പെണ്‍കുട്ടിക്ക് കുത്തേറ്റത്.വന്ദനയ്ക്ക് 'അക്രമത്തെ തടയാനുള്ള എക്‌സ്പീരിയന്‍സ് ' ഇല്ല എന്ന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതായി മാധ്യമങ്ങള്‍ പറയുന്നു.അത് ശരിയെങ്കില്‍ അത്തരം വിവരക്കേടുകള്‍ക്ക് ജനം ആരോഗ്യമന്ത്രിക്ക് ഉചിതമായ മറുപടി നല്‍കണമെന്നും സുധാകരന്‍ പറഞ്ഞു.
അടിമുടി പരാജയപ്പെട്ട മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും മുന്നിലേക്ക് വരുന്നത്. താനൂരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ മൂലം 22 ജീവനുകള്‍ നഷ്ടമായതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല. അതിന് പിന്നാലെയാണ് 23 വയസ്സ് മാത്രം പ്രായമുള്ള ഒരു വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്.ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ് .ഇവരെ നിയന്ത്രിക്കുവാന്‍ കഴിയാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വര്‍ഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുകയാണ്.ഈ കുറ്റകൃത്യത്തിലെ പ്രതി സാധാരണക്കാരനല്ല. അയാള്‍ ഒരു അദ്ധ്യാപകന്‍ കൂടിയാണ് .നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരി മാഫിയ പടര്‍ന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണ്.
 ലഹരി -ഗുണ്ടാ സംഘങ്ങളെ വളര്‍ത്തിയതില്‍ സിപിഎമ്മിനും പിണറായി വിജയന്റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുത്.യുഡിഎഫ് ഭരണകാലത്ത് അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ കേരളത്തില്‍ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോള്‍ തള്ളി മറിച്ചാല്‍ മാത്രം പോരാ വിജയന്‍ , അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും വേണമെന്ന് സുധാകരന്‍ പറഞ്ഞു.
ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചു.ഒട്ടുമിക്ക ആക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.സംസ്ഥാനത്തുടനീളം ലഹരി മരുന്നു വ്യാപാരത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരും നേതാക്കളും പിടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സുരക്ഷിതമായി ജോലി ചെയ്യാന്‍ പോലുമുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നു.ഇത്രയേറെ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന പിണറായി വിജയന്റെ തൊലിക്കട്ടി കാണ്ടാമൃഗത്തിന് പോലും ഉണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *