April 24, 2024

ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ജില്ലയില്‍ 57 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍

0
Img 20230518 194303.jpg
കൽപ്പറ്റ :ജില്ലയിലെ 57 ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തി 5409 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും മാതൃകാ ആരോഗ്യ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ജനകീയാരോഗ്യ കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തു. 
ബത്തേരി നിയോജക മണ്ഡലത്തിലെ അപ്പാട് ജനകീയാരോഗ്യ കേന്ദ്രം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും മാനന്തവാടി നിയോജക മണ്ഡലത്തിലെ കൂളിവയല്‍ ജനകീയാരോഗ്യ കേന്ദ്രം ഒ.ആര്‍ കേളു എം.എല്‍.എയും കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുണ്ടക്കുറ്റി ജനകീയാരോഗ്യ കേന്ദ്രം ടി. സിദ്ദീഖ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ 9 ടെസ്റ്റുകളും 36 ഇനം മരുന്നുകളും ലഭിക്കും. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെതട്ടില്‍ എത്തിക്കുക എന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആര്‍ദ്രം മിഷനിലൂടെയാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതും നവീകരിച്ച് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ജനസൗഹൃദ സ്ഥാപനങ്ങളാക്കി മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകളും രൂപീകരിക്കും. ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ് എന്ന രീതിയിലാണ് രൂപം നല്‍കുന്നത്. ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ആരോഗ്യ ക്ലബ്ബിലൂടെ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും.
മീനങ്ങാടി അപ്പാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 17-ാം വാര്‍ഡിനെ ആരോഗ്യ ഗ്രാമമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ഡിപിഎം സമീഹ സൈതലവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി കുഞ്ഞിക്കണ്ണന്‍, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 മാനന്തവാടി നിയോജക മണ്ഡലത്തിലെ കൂളിവയല്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, വാര്‍ഡ് മെമ്പര്‍മാരായ ആയിഷ ഉമ്മര്‍, ഹസീന ഷിഹാബുദ്ധീന്‍, അജയകുമാര്‍, ബെന്നി ചെറിയാന്‍, എം സുനില്‍ കുമാര്‍, വി.സി അജിത്ത്, ശോഭന രാമകൃഷ്ണന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ കെ. രാമദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്‍ ഷീജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മുണ്ടക്കുറ്റി ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സുഷമ രാജ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാന്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജസീല റംളത്ത്, പി.എ ജോസ്, എം.പി നൗഷാദ്, വാര്‍ഡ് മെമ്പര്‍മാരായ നിഷ മോള്‍, ബുഷ്റ വൈശ്യന്‍, ബഷീര്‍ ഈന്തന്‍, പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി കിഷോര്‍കുമാര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് അസി. സെക്രട്ടറി സാജു പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *