എ ഫോര്‍ ആധാര്‍ മെഗാ ക്യാമ്പയിന്‍ തുടങ്ങി:ആദ്യ ദിനം എത്തിയത് 6000 കുട്ടികള്‍

കൽപ്പറ്റ :ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'എ ഫോര്‍ ആധാര്‍' ക്യാമ്പില്‍ ഒന്നാം ദിവസം ആധാറിനായെത്തിയത് 6000 കുട്ടികള്‍. ജില്ലാ ഭരണകൂടത്തിന്റെയും അക്ഷയ കേന്ദ്രങ്ങളുടെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗ്രാമത്തുവയല്‍ അംഗന്‍വാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. സ്‌കൂളില്‍ ചേര്‍ക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും അത്യന്താപേക്ഷിതമായ തിരിച്ചറിയല്‍ രേഖയായ ആധാര്‍ എടുക്കുന്നതിനായി എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 5 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്തുകയാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. തെരഞ്ഞെടുത്ത അങ്കണവാടികളിലായി 110 എന്റോള്‍മെന്റ് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടന്നത്. ഐ.പി.ബി.എസ്, ബാങ്ക്, അതാത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ട്രൈബല്‍ വകുപ്പ്, ഡബ്ല്യുസിഡി, പോലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.
ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഇന്ന് കൂടി (വ്യാഴം) അവസരം ലഭിക്കും. ഇതുവരെ ആധാര്‍ എടുക്കാത്ത 5 വയസ്സുവരെയുള്ള കുട്ടിയുടെ അമ്മയുടേയും അച്ഛന്റെയും ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലെത്തണം. ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയുമായോ ട്രൈബല്‍ മേഖലയില്‍ ഉള്ളവര്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാരായോ ബന്ധപ്പെടാവുന്നതാണ്. ആധാറില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സേവനം ക്യാമ്പില്‍ ലഭ്യമാകുന്നതല്ല. വിവിധ വകുപ്പിലെ ജീവനക്കാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.



Leave a Reply