April 20, 2024

കാരാപ്പുഴ മെഗാ ടൂറിസം : മുഖം മാറുന്നു

0
Img 20230604 142319.jpg
കല്‍പ്പറ്റ: കാരാപ്പുഴ മെഗാ ടൂറിസത്തിന്റെ ടി.എം.സി യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. കാരാപ്പുഴ മെഗാ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റുന്നതിന് ആവശ്യമായ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ യോഗത്തില്‍ തീരുമാനമെടുത്തതായി എം.എല്‍.എ അറിയിച്ചു. കാരാപ്പുഴ ഡാം ഗാര്‍ഡന്‍ വൈകിട്ട് 6 മുതല്‍ രാത്രി 8 വരെ തുറന്ന് ആംഫി തിയേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച് ജില്ലയിലെ ആദ്യത്തെ സ്ഥിരം സായാഹ്ന വേദിയാക്കി മാറ്റുന്നതിന് ആവശ്യമായ വൈദ്യുതീകരണ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഗാര്‍ഡന് അകത്ത് അഞ്ചു റൂമുകളിലായി സുവനീര്‍ ഷോപ്പ്, വെര്‍ച്വല്‍ റിയാലിറ്റി എന്നീ ആവശ്യങ്ങള്‍ക്കായി റൂമുകള്‍ ലേലം ചെയ്യുവാനും ഗാര്‍ഡനകത്തുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുവാനും, പാര്‍ക്കിംഗ് സംവിധാനം വിപുലപ്പെടുത്തുവാനും ഓണത്തിന് മുമ്പായി മില്‍മ ഔട്ട്‌ലെറ്റ് തുടങ്ങുകയും, സോളാര്‍ ബോട്ടിംഗ് ആരംഭിക്കുന്നതിനുള്ള താല്പര്യപത്രം ക്ഷണിക്കുകയും ഗാര്‍ഡനില്‍ നിലവിലുള്ള കുട്ടികളുടെ പാര്‍ക്ക് ടിഎംസി നേരിട്ട് പുതുക്കി പണിയുന്നതിനും, കാരപ്പുഴ മെഗാ ടൂറിസത്തിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി പത്രങ്ങളില്‍ ഉള്‍പ്പെടെ വ്യാപക പ്രചരണം നല്‍കി മാസ്റ്റര്‍ പ്ലാന്‍ സ്വീകരിക്കുകയും ചെയ്യും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സ്ഥലങ്ങളില്‍ കുടിവെള്ളമൊരുക്കും. ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള മാലിന്യ പ്രശ്‌നം തീര്‍ക്കുന്നതിനായി ശുചിത്വ മിഷന്‍ പഞ്ചായത്ത് അധികൃതര്‍ എന്നിവരുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. കാക്കവയല്‍-കാരപ്പുഴ റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. അഡ്വഞ്ചര്‍ ടൂറിസവുമായി ബന്ധപ്പെട്ട് ലാഭകരമല്ലാത്ത ചില റൈഡുകള്‍ മാറ്റി കേരളത്തില്‍ മറ്റിടങ്ങളിലില്ലാത്ത അതിന്യൂതനമായ പുതിയ റെയ്ഡുകള്‍ കൊണ്ടുവന്ന് സ്വകാര്യ മേഖലയുമായി കിടപിടിക്കാവുന്ന രീതിയില്‍ കാരാപ്പുഴ മെഗാടൂറിസത്തെ മാറ്റിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം എല്‍ എ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടറുടെ പ്രതിനിധിയായി എഡിഎം ഷാജു, കെ.ജെ ദേവസ്യ, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സജീവന്‍, മേരി സിറിയക്ക്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത്, ഡി.ടി.പിസി സെക്രട്ടറി അജേഷ്, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മുഹമ്മദ്കുട്ടി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിംഗ് ഉദ്യോഗസ്ഥര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *