April 20, 2024

കടമാൻ തോട് പദ്ധതി ഉപേക്ഷിക്കണം: വയനാട് പ്രകൃതി സംരക്ഷണ സമിതി

0
Img 20230608 200937.jpg
പുൽപ്പള്ളി: പുൽപ്പള്ളി  അങ്ങാടിയടക്കം ജനസാന്ദ്രത കൂടിയ നിരവധി ജനവാസ പ്രദേശങ്ങളെയും ഫലസമൃദ്ധമായ കൃഷിഭൂമികളെയും മുക്കിക്കളയുകയും നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്യുന്ന കടമാൻ തോട് ജലപദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.1970 ൽ സർവേ ആരംഭിച്ച് നിർമ്മാണമാരംഭിച്ച രണ്ടു കൂറ്റൻ ജല പദ്ധിതികൾ അര നൂറ്റാണ്ടായിട്ടും കമ്മീഷൻ ചെയ്യുകയോ കർഷകർക്ക് ഒരു തുള്ളി വെള്ളം നൽകുകയോ ചെയ്തിട്ടില്ലാത്ത വയനാട്ടിൽ കടമാൻ തോട് പദ്ധതി കർഷകരോടുള്ള വെല്ലുവിളിയാണ്. ഈ വർഷവും രണ്ടു പദ്ധതികൾക്കും കൂടി 30 കോടി സർക്കാർ വകയിരുത്തിയിട്ടുണ്ട്. 7 കൊടി അടങ്കലിൽ പണി തുടങ്ങിയ കാരാപ്പുഴ പദ്ധതിക്ക് 500 കോടിയിൽ പരം ചിലവഴിച്ചു കഴിഞ്ഞു. ഇന്ത്യാ രാജ്യത്തെ തന്നെ അഴിമതികളിൽ കുപ്രസിദ്ധമായ സ്ഥാനമാണ് കാരാപ്പുഴക്കുള്ളത്. ഉദ്യോഗസ്ഥ- കോൺട്രാക്ടർ – രാഷ്ട്രീയ കൂട്ടുകെട്ടാണ് നാടിന്റെ സമ്പത്ത് കർഷരുടെ പേരിൽ 50 വർഷമായി കൊള്ളയടിച്ച കൊണ്ടിരിക്കുന്നത്. അവരുടെ  ഗൂഢ നീക്കങ്ങളാണ് കലമാൻ തോട് പദ്ധതി. ബാണാസുര സാഗർ പദ്ധതിയിൽ സംഭരിക്കുന്ന 35 ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നൽകും എന്ന് പ്രൊജക്ട് റിപ്പോർട്ടിൽ രേഖപ്പെടുത്തിയാണ് ലോകബാങ്കിന്റെ വായ്പയും കേന്ദ്ര ജലക്കമ്മീഷന്റെ അംഗീകാരവും നേടിയതെങ്കിലും ആയിരക്കണക്കിന് കർഷകർക്ക് വർഷംതോറും തീരാ ദുരിതമല്ലാതെ വെള്ളം നൽകിയിട്ടില്ല. ബാണാസുര സാഗർ പ്രദേശത്തു നിന്നും കാരപ്പുഴയിൽ നിന്നും നാമമാത്ര പ്രതിഫലത്തിന്ന് ഭൂമിയേറ്റെടുത്ത് ആട്ടിയോടിക്കപ്പെട്ട നൂറു കണക്കിനു കർഷകരും ആദിവാസികളും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ തെണ്ടിത്തിരിയുകയാണ്. സമ്പന്നരായിരുന്ന കർഷകർ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണിപ്പോൾ.                  പുൽപ്പള്ളിയിലെ വരൾച്ചയെക്കുറിച്ച് പദ്ധതി വാദികൾ കണ്ണീരൊഴുക്കുന്നത് തട്ടിപ്പാണ്. വരൾചയും ജലക്ഷാമവും പരിഹരിക്കാൻ അവർ ഒന്നും ചെയ്തിട്ടില്ല. കടമാൻതോട് ഒന്നിനും പരിഹാരമല്ലെന്ന് വയനാട്ടിലെ അനുഭവം പഠിപ്പിക്കുന്നു. മൂന്നു കൂറ്റൻ പദ്ധതികൾ വയനാട്ടിലും അയൽ സംസ്ഥാനത്തുമായുണ്ട്. അവ വയനാടിന്റെ പരിസ്ഥിതി സംതുലനത്തെ എങ്ങിനെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്. വരൾച്ചയും ജലക്ഷാമവും പിടിമുറുക്കി മരുവൽക്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പുൽപ്പളളി മുള്ളൻ കൊല്ലി പ്രദേശങ്ങൾക്ക് ആശ്വാസമാകാൻ വരുന്ന 40 വർഷം കഴിഞ്ഞാലും കടമാൻ തോട് പദ്ധതി കൊണ്ട് സാധ്യമല്ലെന്ന് വയനാട്ടിലെയും കേരളത്തിലെയും അനുഭവം വ്യക്തമാക്കുന്നു.എന്നാൽ കാരാപ്പുഴയിൽ നിന്നും കൂറ്റൻ പൈപ്പുകൾ വഴി സ്വഭാവികമായ നീരൊഴുക്കിലൂടെ ഈ പ്രദേശത്തേക്ക് വെള്ളമെത്തിക്കാൻ രണ്ടു വർഷം മതിയാകും. ബാണാസുരസാഗറിൽ നിന്നും ഇതുപോലെ വെള്ളമെത്തിക്കാനും നിഷ്പ്രയാസം സാദ്ധ്യമാണ്. ഈ പദ്ധതി നടപ്പിലാക്കിയാൽ ഈ പ്രദേശത്തിന്റെ ജലക്ഷാമം പരിഹരിക്കപ്പെടുകയും കുടിവെള്ളവും കൃഷി വെള്ളവും സുലഭമായി ലഭ്യമാവുകയും ചെയ്യും. ഉദ്യോസ്ഥ – കോൺട്രാക്ടർ – രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കറവപ്പശു നഷ്ടമാകുമെന്നേ ഉള്ളൂ.                           വയനാട്ടിലെ ജനങ്ങളുടെ പൗരബോധത്തെയും സാമാന്യ യുക്തിയെയും കൊഞ്ഞനം കുത്തുന്ന കടമാൻ തോട് പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധത്തിന്ന് പ്രകൃതി സംരക്ഷണ സമിതി പിൻതുണ പ്രഖ്യാപിച്ചു.                                            സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ. തോമസ്സ് അമ്പലവയൽ , ബാബു മൈലമ്പാടി , സണ്ണി മരക്കാവ് , എം.ഗംഗാധരൻ , പി.എം. സുരേഷ് , സി.എ. ഗോപാലകൃഷ്ണൻ , എ.വി. മനോജ് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *