ചാലിഗദ്ദയിലെ ആദിവാസി കുടുംബങ്ങൾക്ക് നിർമിച്ച വീടുകൾ കൈമാറി
മാനന്തവാടി:
പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പയ്യമ്പള്ളി ചാലിഗദ്ദയിലെ ആദിവാസി കുടുംബങ്ങൾക്ക് നിർമിച്ച വീടുകൾ കൈമാറി. പയ്യമ്പള്ളി ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം നിര്‍മിച്ച എട്ട് വീടുകളുടെ താക്കോല്‍ദാനം ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. വർഷാവർഷങ്ങളിൽ പ്രളയം തകർത്തെറിയുന്ന പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ, മുട്ടങ്കര പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്.
35 കുടുംബങ്ങളെയാണ് വീടും സ്ഥലവും നൽകി സർക്കാർ പുനരധിവസിപ്പിക്കുന്നത്. മറ്റു വീടുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കുടുംബം ഒന്നിന് 12 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ആറുലക്ഷം വീതം സ്ഥലത്തിനും വീടിനും.
ഉത്സവാന്തരീക്ഷത്തിലായിരുന്നു താക്കോൽദാനം.
മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിപിൻ വേണുഗോപാൽ, ലേഖ രാജീവന്‍, പി വി എസ് മൂസ, ഷിബു ജോര്‍ജ്, ആലീസ്, സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ടിഡിഒ സി ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ടി ജി ജോണ്‍സണ്‍ സ്വാഗതവും ടി.ഇ.ഒ നിഷാദ് നന്ദിയും പറഞ്ഞു.






Leave a Reply