സേവിന്റെ മഴയാത്ര നാളെ: ഒരുക്കങ്ങൾ പൂർത്തിയായി
കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിൻറെ മഴ യാത്ര നാളെ (ജൂലൈ 15 ശനി) രാവിലെ 9 മണിക്ക് പക്രം ചുരത്തിൽ നടക്കും. വളാന്തോട് നിന്നുമാണ് യാത്ര ആരംഭിക്കുക. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവർത്തകരും യാത്രയിൽ അണിചേരും. 5 കിലോമീറ്റർ ആണ് വനത്തിന് നടുവിലെ പാതയിലൂടെ നടക്കുക. വിദ്യാർഥികൾ ലഘു ഭക്ഷണവും ഉച്ചഭക്ഷണവും കരുതാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാലിന്യം ഒരു തരി പോലും വഴിയിൽ ഉപേക്ഷിക്കരുത് എന്നും അവ തിരികെ കൊണ്ടുപോയി ഹരിത കർമ്മ സേന അംഗങ്ങൾക്ക് നൽകണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
2014 ലാണ് സേവ് മഴയാത്ര ആരംഭിച്ചത്. കോവിഡിനെ തുടർന്ന് 2020ൽ മാത്രമാണ് മഴയാത്ര മുടങ്ങിയത്. “മഴ നനഞ്ഞു കുളിരാം, മണ്ണറിഞ്ഞ് വളരാം” എന്നതാണ് ഇത്തവണത്തെ മഴയാത്രയുടെ മുദ്രാഗീതം. മഴയാത്ര മുദ്രാഗീത മത്സരത്തിൽ വിജയിയായ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ അസീൽ മുഹമ്മദിന്റെതാണ് ഇത്തവണത്തെ മുദ്രാഗീതം. മഴയാത്ര കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. മഴയാത്രയ്ക്ക് പ്രൊഫ. ശോഭീന്ദ്രൻ, മുൻ ഡിഡിഇ ഇകെ സുരേഷ് കുമാർ, വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ, സെഡ് എ സൽമാൻ, എം ഷെഫീക്ക്, ആഷോ സമം തുടങ്ങിയവർ നേതൃത്വം നൽകും.മഴയാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.





Leave a Reply