August 2, 2026

എം.ഡി.എം.എ യുമായി പിടികൂടിയ യുവാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി

0
20230723_200852.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇന്ന്   200 ഗ്രാം എംഡിഎംഎ യുമായി മാനന്തവാടി എക്‌സൈസ് പിടികൂടിയ യുവാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) ആണ്  പിടിയിലായത് . വിനൂപ് ഓടിച്ച ജീപ്പിടിച്ച് 2014 ഓഗസ്റ്റില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന 18കാരന്‍ മരിച്ചിരുന്നു. കീഴരിയൂര്‍ ചെറുവത്ത് രാജീവന്റെ മകന്‍ അരുണ്‍രാജാണ് മരിച്ചത്. മാതൃസഹോദരിയുടെ മകളെ പി.എസ്.സി. പരീക്ഷ എഴുതാന്‍ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് അറപ്പീടികയില്‍വെച്ച് അരുണ്‍രാജ് ഓടിച്ച സ്‌കൂട്ടറില്‍ ജീപ്പിടിച്ചത്. നിര്‍ത്താതെ പോയ ജീപ്പ് കപ്പുറം നീലഞ്ചേരി മലയിലെ താഴ്ചയിലേക്ക് മറഞ്ഞപ്പോള്‍ വിനൂപ് ഉള്‍പ്പെടെയുള്ളവരെ പോലീസ് പിടികൂടുകയായിരുന്നു. അന്ന് വാഹനത്തില്‍ കഞ്ചാവും മാഹി നിര്‍മിത മദ്യവും ഉണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. അപകടത്തെക്കുറിച്ച് നല്‍കിയ വിവരങ്ങള്‍ അന്ന് പോലീസ് കണക്കിലെടുത്തില്ലെന്ന ആരോപണമുണ്ടായിരുന്നു. സംഭവം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഇന്ന് എം.ഡി.എം.എയുമായി വിനൂപ് പിടിയിലായത്. 
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി അപകടം സംഭവിച്ച പിറ്റേ ദിവസമാണ് മരിച്ചത്. അപകടം നടന്ന് ആറു മാസത്തിനു ശേഷം വിനൂപിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ഒരു വര്‍ഷത്തേക്ക് അസാധുവാക്കിയിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന ബാലുശ്ശേരി പോലീസ് കേസെടുത്ത് വിനൂപിനെ പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) മുമ്പാകെ ഹാജരാക്കുകയും ചെയ്തു. മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ പേരാമ്പ്ര കോടതി വിനൂപിനെ വെറുതെ വിടുകയാണ് ഉണ്ടായത്. ഇതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *