വെറുതെ നീന്തൽ പഠിച്ചു: ഇപ്പോൾ വാട്ടർ പോളോ പരിശീലക
ബത്തേരി: ഒമ്പതാം ക്ലാസ് കഴിഞ്ഞ അവധിക്കാലത്ത് നേരം പോക്കിന് നീന്തൽ പഠിച്ച പെൺകുട്ടി ഇപ്പോൾ വാട്ടർ പോളോയുടെ രാജ്യാന്തര പരിശീലക .
ബത്തേരി മൂലങ്കാവ് പാലകുന്നേൽ പരേതനായ ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മൂന്നുമക്കളിൽ മൂന്നാമത്തെയാളാളായ ബിജിയാണ് ഇന്ന് വയനാടിൻ്റെ അഭിമാനം.
ലോക മത്സരത്തിനുള്ള കുട്ടികളുടെ പരിശീലകയുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് ബിജി വർഗിസ്. സെപ്റ്റംബർ ഒന്നു മുതൽ സ്പെയിനിൽ നടക്കുന്ന ലോക അക്വാട്ടിക് വാട്ടർ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകയാണ്.
കുപ്പാടി കടമാൻ ചിറയിൽ നിന്നാണ് നീന്തലിന്റെ ബാലപാഠം സ്വായത്തമാക്കുന്നത്. ഒമ്പതാം ക്ലാസിലെ അവധിക്കാലത്താണ് നീന്തൽ പഠിക്കണമെന്ന ആഗ്രഹം ബിജിക്ക് ഉണ്ടാവുന്നത്. ക്രമേണ ഒഴുക്കിനൊപ്പവും ഒഴുക്കിനെതിരെയും നീന്തിത്തുടങ്ങി.
അസംപ്ഷൻ സ്കൂളിൽ നിന്നും പത്താം ക്ലാസിന് ശേഷം തുടർ വിദ്യാഭ്യാസം സെന്റ് മേരീസ് കോളജിലായിരുന്നു. പത്താം ക്ലാസു മുതൽ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 2011ലെ റാഞ്ചിയിൽ നടന്ന ദേശീയ ഗെയിംസിൽ വാട്ടർപോളോയിൽ ടീം സ്വർണ മെഡൽ സ്വന്തമാക്കി.
അതോടെ മത്സര രംഗത്തുനിന്നും പിൻവാങ്ങി. പിന്നെ പരിശീലകയുടെ കുപ്പായമണിഞ്ഞു. വൈകുന്നേരങ്ങളിൽ വയനാട് ക്ലബിലാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. 12 കുട്ടികളാണ് സ്ഥിരം പരിശീലനത്തിന് എത്തുന്നത്. ഒഡിഷയിലെ ഭുവനേശ്വറിലാണ് ഒരുമാസത്തെ പരിശീലനം. ജൂലൈ 31ന് പരിശീലനം തുടങ്ങും. രണ്ട് കോച്ചുകളാണ് ഉണ്ടാവുക.
ബിജിക്ക് പുറമെ ബംഗാളിൽനിന്നുള്ള മറ്റൊരു കോച്ചുമുണ്ട്. ബത്തേരി ടെക്നിക്കൽ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയാണ്. കെ.എസ്.ഇ.ബി എൻജിനീയർ ജോഷിയാണ് ഭർത്താവ്. മക്കൾ: പ്ലസ് വൺകാരനായ എൽദോ ആൽവിൻ ജോഷി, ഏഴാം ക്ലാസിൽ പഠിക്കുന്ന ആദ്യ മരിയ ജോഷി. മക്കളും മാതാവിൻ്റെ പാത പിന്തുടരുന്നു.






Leave a Reply