ബ്രഹ്മഗിരി സൊസൈറ്റി വെട്ടിപ്പ്: സിപിഎമ്മിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്

ബത്തേരി: ബ്രഹ്മഗിരി സൊസൈറ്റി വെട്ടിപ്പ് വിഷയത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. ചെറുകിട സഹകരണ സംഘങ്ങളിൽ നിന്നും കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരുടെ റിട്ടയർമെൻറ് ആനുകൂല്യങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തിയും അല്ലാതെയും കോടിക്കണക്കിന് രൂപ ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയും സി.പി.എമ്മും കൈക്കലാക്കി എന്നാണ് കോൺഗ്രസിന്റെ ആരോപണം. കേവലം ചാരിറ്റബിൾ സൊസൈറ്റി മാത്രമായ ഈ സൊസൈറ്റി വിവിധ മാസ്മരിക പദ്ധതികൾ തയ്യാറാക്കി നിരവധി വ്യക്തികളെയും പ്രലോഭിപ്പിച്ച് നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ആസ്തിമൂല്യം പെരുപ്പിച്ച് കാട്ടിയും വ്യാജ ചെലവുകൾ എഴുതിയും മറ്റും ബ്രഹ്മഗിരി സൊസൈറ്റി ഡയറക്ടർമാരും സി.പി.എം നേതാക്കളും കരുവന്നൂരിനെ നാണിപ്പിക്കും വിധം വൻ സാമ്പത്തിക കൊള്ളയാണ് നെന്മേനിയിൽ പ്രവർത്തിക്കുന്ന ബ്രഹ്മഗിരി സൊസൈറ്റിയിൽ നടത്തിയിട്ടുള്ളത്. സൊസൈറ്റി ആസ്തികൾക്ക് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്തതിനാൽ ജപ്തിഭീഷണിയിലാണ്. ആസ്തികൾക്ക് യഥാർത്ഥ വിപണിമൂല്യം കണക്കാക്കിയാൽ നിക്ഷേപകർക്ക് നയാപൈസപോലും ലഭിക്കാത്ത സ്ഥിതിയുമാണ് നിലവിലുള്ളത്.
കേരള ബജറ്റിലൂടെ ജനങ്ങളുടെ നികുതിപ്പണം രണ്ട് പ്രാവശ്യമായി കോടി കണക്കിന് രൂപ ഗ്രാൻറായും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര സർക്കാരിൽ നിന്നും ഇതര ഏജൻസികളിൽ നിന്നും ഭീമമായ തുക സൊസൈറ്റി ഭാരവാഹികളായ സി.പി.എം. നേതാക്കൾ കൈക്കലാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
പല സഹകരണ സംഘങ്ങളും കേരള സഹകരണ സംഘം നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായാണ് ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം നിക്ഷേപിച്ചിട്ടുള്ളത്. ഭരണകക്ഷി നേതാക്കൾ അധികാര ദുർവിനിയോഗം നടത്തിയും ഭീഷണിപ്പെടുത്തിയുമാണ് സൊസൈറ്റിയിൽ വലിയ നിക്ഷേപം സമാഹരിച്ചിട്ടുള്ളത്. സാധാരണക്കാരായ നിക്ഷേപകരിൽ പലരും നിക്ഷേപം തിരിച്ചുകിട്ടാതെ ആത്മഹത്യാമുനമ്പിലാണ്. നിക്ഷേപകരിൽ പലരും ജില്ലാ കളക്ടറുൾപ്പടെയുള്ള ബന്ധപ്പെട്ട മറ്റ് അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്.
കുറ്റക്കാരെ നിയമത്തിന് മുമ്പിലെത്തിച്ച് തട്ടിപ്പുകാരിൽ നിന്ന് പാവപ്പെട്ടവരുടെ നിക്ഷേപ തുകയും പലിശയും കണ്ടെത്തണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു.



Leave a Reply