സ്പോർട്സ് ഫോർ സേഫ് ടൂറിസം” ഫുട്ബാൾ മത്സരം നാളെ
മാനന്തവാടി : ഇക്വിറ്റബിൾ ടൂറിസം ഓപ്‌ഷൻസ് (ഇക്വേഷൻസ്) , ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ജോയിന്റ് വോളണ്ടറി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവിന്റെയും (ജ്വാല) സഹകരണത്തോടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി ഏകദിന ഫുട്‌ബോൾ ടൂർണമെന്റ് നാളെ നടക്കും. സ്പോർട്സ് ഫോർ സേഫ് ടൂറിസം” എന്ന പ്രമേയത്തിൽ വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മണി മുതമാണ് മത്സരം . ബാലാവകാശ സംരക്ഷണ വാരാചരണവും ലിംഗാധിഷ്ഠിത അക്രമങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള 16 ദിവസത്തെ പ്രവർത്തനവും കൂടിയാണ് ഈ പരിപാടി.
ജില്ലയിലെ 6 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പെൺകുട്ടികളും 60 ആൺകുട്ടികളും മത്സരത്തിൽ പങ്കെടുക്കും. പ്രാദേശിക കമ്മ്യൂണിറ്റികൾക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാരത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ടൂർണമെന്റിന്റെ ലക്ഷ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ പങ്കാളിത്തവും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.
മാനന്തവാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി കെ.കെ.അജീഷ്, മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ രത്‌നവല്ലി എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശിശുക്ഷേമ സമിതി, ചൈൽഡ് വെൽഫയർ കമ്മറ്റി, പോലീസ്, ഫയർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങിൽ ലിംഗാധിഷ്ഠിത അക്രമത്തിനെതിരെ സംസാരിക്കാനും പ്രവർത്തിക്കാനും പ്രതിജ്ഞയെടുക്കും.
Leave a Reply