പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്; സാധ്യതാ പരിശോധനയ്ക്ക് തുക അനുവദിച്ചത് നിരന്തരമായി ഇടപെടല്‍ മൂലം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ നിര്‍മ്മാണ സാധ്യതാ പരിശോധനയ്ക്ക് 1.50 കോടി രൂപ അനുവദിച്ചത് നിരന്തരമായ ഇടപെടല്‍ മൂലമാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. ജനകീയ പ്രക്ഷോഭങ്ങളും, ജനപ്രതിനിധികളുടെ നിരന്തരവുമായ ഇടപെടലുകളാണ് തുടര്‍നടപടികളാണ് തുക വകയിരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം.
എം എല്‍ എ ആയതിന് ശേഷം ചുരം ബദല്‍പാതയായ ഈ റോഡിന് വേണ്ടി നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷന്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ഉന്നയിക്കുകയും, 14 കിലോമീറ്റര്‍ പദയാത്ര ഉള്‍പ്പെടെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. പ്രസ്തുത റോഡിനായി നിരന്തരമായി ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മന്ത്രി നല്‍കിയ ഉറപ്പിന്റെ ഭാഗമായാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഏകോപനത്തിനും, വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഒരു ജനതയുടെ മൂന്ന് ദശാബ്ദക്കാലത്തെ കാത്തിരിപ്പാണ് പ്രസ്തുത റോഡ്. സമ്പൂര്‍ണമായി നിലച്ച ഈ റോഡ് പുനരുജ്ജീവിപ്പിക്കുന്നതിനായി മന്ത്രിമാരുമായി നേരിട്ട് സംസാരിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. വനം, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്താനും നേതൃത്വം നല്‍കി. പദ്ധതി യാഥാര്‍ഥ്യമാകുന്നതിനായി ഇത്തരത്തില്‍ നിരവധി പരിശ്രമങ്ങളാണ് നടത്തിയത്.
20-ലധികം തവണ ചുരത്തില്‍ കുടുങ്ങിയ ജനപ്രതിനിധിയെന്ന നിലയില്‍ നിയമസഭയിലും മറ്റും വളരെ വികാരപരമായാണ് ഈ വിഷയം പലപ്പോഴും അവതരിപ്പിക്കേണ്ടി വന്നിട്ടുള്ളത്. ചുരത്തിലെ ഗതാഗതതടസം മൂലം അത്രയേറെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നത് വരെ റോഡിനായുള്ള ഇടപെടലുകള്‍ തുടരുമെന്നും എം എല്‍ എ വ്യക്തമാക്കി.





Leave a Reply