മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് നാളെ രണ്ടാണ്ട്; അതിജീവനത്തിന്റെ പുതിയ അധ്യായം, ബാക്കിയാകുന്ന വാഗ്ദാനങ്ങളും
വയനാടൻ മലനിരകളെ നടുക്കിയ മഹാദുരന്തത്തിന് നാളെ രണ്ട് വർഷം തികയുന്നു. 298 ജീവനുകൾ കവർന്നും ആയിരങ്ങളുടെ ജീവിതം തകർത്തും കടന്നുപോയ ഉരുൾപൊട്ടലിന്റെ മുറിവുകളുമായി അതിജീവിതർ ഇന്നും പുതിയ ജീവിതം പടുത്തുയർത്തുകയാണ്. കൽപ്പറ്റയിലെ സർക്കാർ ടൗൺഷിപ്പിലും മുസ്ലിം ലീഗ് നിർമിച്ച പുനരധിവാസ വീടുകളിലും വാടക വീടുകളിലുമായി താമസമാക്കിയവർക്ക് പറയാനുള്ളത് നഷ്ടങ്ങളുടെയും അതിജീവനത്തിന്റെയും പുതിയ കഥകളാണ്. അതേസമയം, ബാങ്ക് വായ്പാ പരിഹാരം, പുന്നപ്പുഴ നവീകരണം, സംരക്ഷണഭിത്തി നിർമാണം തുടങ്ങി ദുരന്തബാധിതർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാനുണ്ട്.
2024 ജൂലൈ 30ന് പുലർച്ചെയാണ് പുഞ്ചിരിമട്ടം പൊട്ടി ഒരു നാടാകെ ഒലിച്ചുപോയത്. 298 പേർ മരിച്ചു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായി മാറിയ ഈ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്നുതന്നെ തുടച്ചുനീക്കപ്പെടുകയായിരുന്നു. ആർത്തലച്ചുവന്ന ഉരുൾ, മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെയാണ് ഇല്ലാതാക്കിയത്. കാണാതായ 32 പേരെയും മരിച്ചെന്ന് കണക്കാക്കുകയായിരുന്നു. ഉരുൾപൊട്ടലിനെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലൂടെ കേരളം നേരിട്ടു.
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ കൽപ്പറ്റയിലെ ടൗൺഷിപ്പിൽ പുതിയ മുണ്ടക്കൈ ഉയിർത്തു. ലോകമാതൃകയായി പണിത അതിജീവന നഗരം കഴിഞ്ഞ മാർച്ച് ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വിലയ്‌ക്കുവാങ്ങിയ 64.47 ഹെക്ടറിലാണ് ടൗൺഷിപ് നിർമ്മിച്ചത്. 178 കുടുംബങ്ങൾക്ക് ഏഴ് സെന്റും വീടും നൽകി. 150 വീടുകളിലും അതിജീവിതർ താമസം തുടങ്ങി. അഞ്ച് സോണുകളിലായി ആകെ 410 വീടുകളാണ് ഇവിടെ നിർമിക്കുന്നത്. 410 വീടുകളിൽ 304 വീടിന്റെ വാർപ്പും ഒന്നാംഘട്ടം ഉദ്‌ഘാടനംചെയ്യുമ്പോൾ പൂർത്തിയായിരുന്നു. റോഡും ചുറ്റുമതിലും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ഭൂഗർഭവൈദ്യുതിയും ഗ്രീൻ സ്പെയ്‌സുമെല്ലാം ഒരുക്കി. നിർമാണം തുടങ്ങി 320-–ാം ദിനം ആദ്യഘട്ടം സമർപ്പിച്ചു. രണ്ടാംഘട്ടത്തിലെ 149 വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പണികൾ ഇഴഞ്ഞുനീങ്ങുകയാണ്.
മേപ്പാടി വെള്ളിത്തോട്ടെ മുസ്‍ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലെ 105 വീടുകളിലെ 51ലും താമസം തുടങ്ങി. ബാക്കിയുള്ളവയുടെ പണികൾ പുരോഗമിക്കുന്നു. കുന്നമ്പറ്റയിൽ കോൺഗ്രസിന്റെ വീടുകളുടെ പ്രാരംഭപണികൾ മാത്രമാണ് തുടങ്ങിയത്. സന്നദ്ധസംഘടനകളടക്കം മറ്റ് പലരും വിവിധയിടങ്ങളിൽ വീടുകൾ നിർമിച്ചുനൽകിയിട്ടുണ്ട്. വീട് കിട്ടാത്തവർ സർക്കാർ ഒരുക്കിയ വാടകവീടുകളിൽ കഴിയുകയാണിപ്പോഴും. ഇവരുടെ വീട്ടുവാടക, ഉപജീവനബത്ത, ഭക്ഷണ കൂപ്പൺ എന്നിവ മൂന്നുമാസത്തേക്ക് കൂടി സർക്കാർ നീട്ടിയിട്ടുണ്ട്.
സർവ്വ സമ്പാധ്യവും നഷ്ടപ്പെട്ട ഇവരെ കാത്തിരുന്നത് പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്നുമെടുത്ത വായ്പകളാണ്. ദുരന്തബാധിതരുടെ ബാങ്ക് കടം ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ തള്ളിയില്ല. വായ്പ തള്ളുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ജില്ല ഭരണകൂടം അനാസ്ഥയാണ് കാണിച്ചത്. പ്രതിഷേധമുയർന്നപ്പോഴാണ് രേഖകൾ അടക്കം പരിശോധിക്കുന്നതിനുള്ള അദാലത്ത് തുടങ്ങിയത്. ദുരന്തമേഖലയിലെ ജനങ്ങളുടെ ആകെ ബാങ്ക് വായ്പ 35.30 കോടിയാണ്. എന്നാൽ 555 ഗുണഭോക്താക്കളുടെ 1620 വായ്പകളിലായുള്ള 18.75 കോടി രൂപ മാത്രമാണ് സർക്കാർ ഏറ്റെടുത്തത്. സർക്കാർ പട്ടികയിൽപെടാത്ത പടവെട്ടിക്കുന്ന്, അട്ടമല, പാടികളിൽ താമസിച്ചിരുന്നവരുടെയടക്കം കടബാധ്യത സർക്കാർ നടപടികൾക്ക് ശേഷവും ബാക്കിയാവും.
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ മൂലം ഗതിമാറി ഒഴുകിയ പുന്നപ്പുഴയുടെ നവീകരണ പ്രവൃത്തികൾ ഇപ്പോഴും ഇഴയുകയാണ്. സർക്കാർ 195 കോടി രൂപ അനുവദിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകിയ പദ്ധതിയുടെ പ്രവൃത്തികൾ, ദുരന്തമുണ്ടായി രണ്ടുവർഷത്തിനുശേഷവും മന്ദഗതിയിലാണ്. ബെയ്‌ലി പാലത്തിന് താഴെ ആഴം കൂട്ടാനും അടിഞ്ഞുകൂടിയ 50 ലക്ഷം ക്യുബിക് മീറ്റർ പാറകളും മരത്തടികളും നീക്കാനുമായിരുന്നു പദ്ധതി. പിന്നീടു പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള 7 കിലോമീറ്റർ സംരക്ഷണഭിത്തി കെട്ടാനുള്ള പദ്ധതിയും രൂപീകരിച്ചു. ഇതിനിടെ പെയ്ത ശക്തമായ മഴയിൽ പുഴയിൽ നിന്നു കോരിയിട്ട ഉരുൾ അവശിഷ്ടങ്ങൾ ഒലിച്ചുപോയതോടെ അതുവരെ ചെയ്ത പണികളും പാഴായി. പുഴയിലെ മണ്ണു കോരി മാറ്റാനായി ഇനിയും പ്രവൃത്തികൾ ആദ്യം മുതൽ തുടങ്ങേണ്ട സ്ഥിതിയാണ്. കാലവർഷത്തിനു മുൻപു പുഴയുടെ ഒഴുക്ക് നേരെയാക്കുമെന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ എപ്രിൽ 16 നാണു പുഴയിൽ നിന്നു മണ്ണും കല്ലുമെല്ലാം നീക്കാൻ ആരംഭിച്ചത്. പണികൾ ഇഴഞ്ഞുനീങ്ങിയതും ഇടയ്ക്കെത്തിയ മഴയും വില്ലനായി. ചൂരൽമലയിൽ ഇപ്പോൾ സംരക്ഷണ ഭിത്തി നിർമാണം എങ്ങുമെത്താതെ കിടക്കുന്നത് കാണാം. ഉരുൾ അവശിഷ്ടങ്ങൾ ഇനിയും നീക്കം ചെയ്യാനുണ്ടെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം എൻഐടി സംഘം പ്രദേശത്തു പരിശോധന നടത്തിയിരുന്നു. ഈ പഠനത്തിലൂടെ പുഴയുടെ സ്വാഭാവിക ചെരിവ് മനസ്സിലാക്കിയശേഷമേ സംരക്ഷണഭിത്തി കെട്ടലടക്കമുള്ള പ്രവൃത്തികൾ ഊർജിതമാക്കൂവെന്നാണു വിശദീകരണം.
നാടിനെ നടുക്കിയ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ 2–ാം വാർഷിക ദിനമായ നാളെ ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും ചേർന്നു പുത്തുമലയിലെ ഹൃദയഭൂമിയിൽ അനുസ്മരണവും സർവമത പ്രാർഥനയും സംഘടിപ്പിക്കും. ദുരന്തത്തിൽ മരിച്ചവരുടെ കല്ലറകളിൽ രാവിലെ 7 മുതൽ പുഷ്പാർച്ചന നടക്കും. തുടർന്ന് 9ന് സർവമത പ്രാർഥന നടത്തും. ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ടി.സിദ്ദീഖ് അനുസ്മരണ പ്രഭാഷണവും നടക്കും.





Leave a Reply