എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്: ഫലമറിയാനുള്ള കത്തിരിപ്പിൽ വിദ്യാർത്ഥികൾ: ഇത്തവണ ഫലപ്രഖ്യാപനം 11 ദിവസം നേരത്തെ
കൽപ്പറ്റ: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഇന്ന്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തും. 4,27,105 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 70 ക്യാംപുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് അധ്യാപകരാണ് മൂല്യനിർണയം നടത്തിയത്. 14 ദിവസം കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവൻ പൂർത്തിയാക്കി. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ 11 ദിവസം മുൻപാണ് ഫലപ്രഖ്യാപനം നടത്തുന്നത്.
പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. എസ്എസ്എൽസി പരീക്ഷാ ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാം.
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലും ‘സഫലം 2024’ മൊബൈല്‍ ആപ്പും സജ്ജമാക്കി. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല- റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ ലിങ്ക് മുഖേന ലഭിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ ആപ് ഡൗണ്‍ലോഡ് ചെയ്യാം. www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.
ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ നടത്തും.





Leave a Reply