വേനലിൽ ആശ്വാസ മഴ: നാശനഷ്ടങ്ങൾ അനേകം
നടവയൽ: ആശ്വാസമായി എത്തിയ വേനൽ മഴയിൽ നടവയൽ മേഖലയിൽ നാശനഷ്ടം ഏറെ. മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിലും ഇടിമിന്നലിലുമാണു നാശനഷ്ടമുണ്ടായത്. ശനി ഉച്ചകഴിഞ്ഞ് മഴയ്ക്കു മുൻപുണ്ടായ കാറ്റിൽ മാത്രം ഒട്ടേറെ കർഷകരുടെ വാഴ, കമുക്, റബർ തുടങ്ങിയ കൃഷികൾ നശിച്ചു.
മരങ്ങൾ വൈദ്യുതലൈനിൽ വീണതിനാൽ വൈദ്യുത വിതരണവും നിലച്ചു. ശക്തമായ മഴയ്ക്കു ശേഷം നടവയൽ ടൗണിനു സമീപമുണ്ടായ ഇടിമിന്നലിൽ ചില വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വൈദ്യുത ഉപകരണങ്ങളും വയറിങ്ങും ഉൾപ്പെടെ കത്തി നശിച്ചു.
ടൗണിനു സമീപത്തെ കക്കാട്ടുപറയിൽ കെ.കെ. ബിജുവിൻ്റെ ഉടമസ്‌ഥതയിലുളള നന്ദന വുഡ് ഫർണിച്ചർ നിർമാണശാലയിലെ വൈദ്യുത ഉപകരണങ്ങളും വയറിങ്ങും പൂർണമായും കത്തിനശിച്ചു.
സംഭവസമയം നിർമാണശാലയിൽ ഉണ്ടായിരുന്ന തൊഴിലാളിയായ ആനപ്പാറ സ്വദേശി മുശാരിശ്ശേരിൽ ഷിബുവിനു ചെറിയ തോതിൽ പൊള്ളലേറ്റു. കൂടാതെ ഇതിനു സമീപത്തെ വീട്ടിലെ വീട്ടമ്മയ്ക്കും നിസ്സാര പരുക്കേറ്റു. സമീപ പ്രദേശത്തെ ചില വീടുകളിലെ ടിവി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾക്ക് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചതായും ജനൽച്ചില്ലുകളും നശിച്ചതായി പറയുന്നു. വേനൽ മഴയിലും കാറ്റിലും നാശ നഷ്ടമുണ്ടായവർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.





Leave a Reply