യൂക്കാലി പ്ലാൻ്റേഷൻ പദ്ധതി: വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കാൻ സർകാർ കൂട്ടു നിൽക്കുന്നു – ആം ആദ്മി പാർട്ടി
കൽപ്പറ്റ: വനഭൂമിയിൽ യൂക്കാലി പ്ലാൻ്റേഷൻ നടപ്പാക്കാനുള്ള വനം വകുപ്പിൻ്റെ നീക്കവും സർക്കാറിൻ്റെ മൗനാനുവാദവും ജനങ്ങളോടുള്ള വഞ്ചനയാണെന്നും ഇതിലൂടെ വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കാൻ സർകാർ കൂട്ടു നിൽക്കുകയാണെന്നും ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി. വനത്തിൽ വന്യമൃഗങ്ങൾക്ക് ദോഷകരമാകും വിധം ഇത്തരം പ്ലാൻ്റേഷൻ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുകയും അത് ജനങ്ങളുടെയും വന്യ മൃഗങ്ങളുടെയും ജീവന് ഭീഷണി ആവുകയും ചെയ്യും. അതിനാൽ ഇത്തരത്തിലുള്ള പദ്ധതികൾ ഉപേക്ഷിക്കണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ല പ്രസിഡണ്ട് ഡോ. എ റ്റി സുരേഷ് അഭിപ്രായപ്പെട്ടു.
മഞ്ഞകൊന്ന നട്ടു പിടിപ്പിച്ച പദ്ധതിയിലൂടെ കാടിനും, മണ്ണിനും,ജീവജാലങ്ങൾക്കും സംഭവിച്ച മാറ്റങ്ങളും അതിലൂടെ ഉണ്ടായ ദോഷങ്ങളും അനുഭവിച്ചറിഞ്ഞിട്ടും വീണ്ടും ഇത്തരത്തിൽ ഉള്ള ബുദ്ധിശൂന്യമായ നിലപാടുകൾ സ്വീകരിക്കുന്നതും അത് നടപ്പിലാക്കാൻ പോകുന്നതും ഈ നാടിനോട് ചെയ്യുന്ന ക്രൂരതയാണ്. കാട്ടിൽ യൂക്കാലി മരങ്ങൾ നട്ടു പിടിപ്പിക്കുന്നത് വഴി ജീവജാലങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണം വന്യജീവികൾക്ക് ഭക്ഷണം ലഭിക്കാതെ വരികയും നാട്ടിലിറങ്ങുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യും.
നഴ്സറി തൈ നിർമ്മാണവും അനുബന്ധ പ്രവർത്തികളിലൂടെയും കോടികൾ കമ്മീഷൻ നേടുന്നതിന് മാത്രമാണ് വനം വകുപ്പിൻ്റെ പുതിയ യൂക്കാലിപ്സ് തോട്ട നിർമ്മാണമെന്ന് ആം ആദ്മി പാർട്ടി കിസാൻ വിങ്ങ് വയനാട് ജില്ലാ പ്രസിഡണ്ട് എം.ഡി. തങ്കച്ചൻ, സെക്രട്ടറി ജേക്കബ്. കെ.പി. എന്നിവർ ആരോപിച്ചു.വർദ്ധിച്ച വന്യജീവി ശല്യത്താലും കാലാവസ്ഥ വ്യതിയാനത്താലും, ‘ സംസ്ഥാനത്തെ അവശേഷിക്കുന്ന കൃഷികൾ കൂടി കടുത്ത ഭീഷണി നേരിടുന്ന അവസരത്തിൽ, കൂടുതൽ വരൾച്ചയ്ക്കും വന്യജീവി ശല്യത്തിനും കാരണമാകുന്ന വനം വകുപ്പിൻ്റെ ഈ തോട്ട നിർമ്മാണ പദ്ധതി ജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണ്. ഈ പദ്ധതിയിൽ നിന്നും സർകാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, റഫീക്ക് കമ്പളക്കാട്,സൽമാൻ എൻ റിപ്പൺ, ദേവദാസ് പുന്നത്ത്, അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. പദ്ധതിയുമായി സർകാർ മുന്നോട്ട് പോകുന്ന പക്ഷം ജനകീയ പ്രക്ഷോപങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.





Leave a Reply