July 31, 2026

മുത്തങ്ങ ഭൂസമരക്കേസ്; പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്

0
WhatsApp Image 2026-07-31 at 9.22.53 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസിൽ കൽപ്പറ്റ സെഷൻസ് കോടതി ഇന്ന് വിധി പറയും. ജൂലൈ 28ന് വാദം പൂർത്തിയായ കേസിലാണ് 23 വർഷങ്ങൾക്ക് ശേഷമുള്ള നിർണായക വിധി വരുന്നത്. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അയ്യൂബ് ഖാനാണ് വിധി പ്രസ്താവിക്കുക.

2003 ഫെബ്രുവരി 19ന് ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി പതിച്ചുനൽകണമെന്ന ആവശ്യമുന്നയിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ നടന്ന സമരത്തിനിടെയാണ് പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ടത്. അന്നത്തെ എ.കെ. ആന്റണി സർക്കാരിന്റെ കാലത്തായിരുന്നു സംഭവം. സമരത്തിനിടെ വിനോദിനെ പ്രതിഷേധക്കാർ ബന്ദിയാക്കിയതായും ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ വിട്ടയക്കൂ എന്ന നിലപാട് സ്വീകരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിനോദിനെ രക്ഷപ്പെടുത്താനുള്ള പൊലീസ് നീക്കമാണ് പിന്നീട് സംഘർഷത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചത്.

വിനോദിന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നതാണ് കേസിലെ പ്രധാന തർക്കവിഷയം. പ്രതിഷേധക്കാർ കൊലപ്പെടുത്തിയതാണെന്നതാണ് സി.ബി.ഐയുടെ കണ്ടെത്തൽ. എന്നാൽ സംഭവസമയത്ത് കുടിലുകൾക്കുള്ളിൽ നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലാത്തതിനാൽ കൊലപാതകത്തിന് പ്രതികളെ ബന്ധിപ്പിക്കാൻ കഴിയില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ആദ്യഘട്ടത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. തുടർന്ന് കൊച്ചിയിലെ സി.ബി.ഐ കോടതിയിൽ ആരംഭിച്ച വിചാരണ പിന്നീട് കൽപ്പറ്റ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 57 പേരെ പ്രതിചേർത്തിരുന്ന കേസിൽ വിചാരണക്കിടെ 15 പേർ മരണപ്പെട്ടതിനെ തുടർന്ന് നിലവിൽ 53 പ്രതികളാണുള്ളത്. ഒരാൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ കിടപ്പിലുമാണ്.

കേസിൽ 103 രേഖകളും 13 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 47 സാക്ഷികളുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. വധശ്രമം, കൊലപാതകം, വനഭൂമി കൈയേറ്റം, കലാപം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, മുത്തങ്ങ സംഘർഷത്തിനിടെ ആദിവാസി യുവാവ് ജോഗിയും കൊല്ലപ്പെട്ടിരുന്നു. ജോഗിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണെന്നും അന്നുതന്നെ പരാതി നൽകിയിട്ടും ആ കേസിൽ കാര്യമായ അന്വേഷണം നടന്നില്ലെന്നും ആദിവാസി നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.

മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിൽ ആറെണ്ണം ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് കേസുകളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് പൊലീസുകാരൻ വിനോദിന്റെ കൊലപാതകക്കേസ്. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ഏറെ ചർച്ചയായ സംഭവത്തിലെ നിർണായക വിധിക്കായി സംസ്ഥാനമാകെ കാത്തിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *