ജില്ലയിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി, സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു. എസ്.ഡി.പി.ഐ
കൽപ്പറ്റ:എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ജില്ലയിൽ, സീറ്റുകൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ കുത്തിനിറക്കുന്നത് പഠന നിലവാരം തകർക്കുമെന്നും, പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്ന ഭരണകൂട നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
ജില്ലയിൽ 11,585 പേർ പരീക്ഷ എഴുതിയതിൽ 11,513പേർ ഉപരിപഠന യോഗ്യത നേടിയ ജില്ലയിൽ രൂക്ഷമായ വിദ്യാഭ്യാസ പ്രതിന്ധിയാണ് നിലനിൽക്കുന്നത്. ഇവിടെ ഒരു ബാച്ചിൽ 65 കുട്ടികളെ കുത്തിനിറക്കുമ്പോൾ, തെക്കൻ ജില്ലകളിൽ 25 കുട്ടികളുള്ള 93 ബാച്ചുകളും 40 കുട്ടികളുള്ള ആയിരത്തിലധികം ബാച്ചുകളും നിലനിൽക്കുന്നു. ഭരണകൂടം തെക്ക്-വടക്ക് വിവേചനം അവസാനിപ്പിക്കണം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റ് വർദ്ധിപ്പിച്ചും, ഐ.ടി.ഐ, പോളി ടെക്നിക് സീറ്റുകളും ചേർത്ത് കണക്കുകൾ കൊണ്ട് യാഥാർത്ഥ്യത്തെ മറച്ചുവെക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്.
സംസ്ഥാനത്ത് വൈദ്യുതി നിരക്കും കെട്ടിട-ഭൂമി നികുതികളിലടക്കം ഭീമമായ വർദ്ധന വരുത്തി വരുമാനം കണ്ടെത്തുന്ന സർക്കാർ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതിന് സാമ്പത്തീക പ്രതിസന്ധി കാരണമായ് പറയുന്നത് അനീതിയും വിവേചനവുമാണ്. തുടർപഠന പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായ് പാർട്ടി മുന്നിട്ട് ഇറങ്ങുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡൻറ് അഡ്വക്കറ്റ് കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ സ്വാഗതവും ജില്ലാ ട്രഷറർ കെ.മഹറൂഫ് നന്ദിയും പറഞ്ഞു.





Leave a Reply