ജനാധിപത്യ മൂല്യം പകർന്ന് മദ്റസാ ഇലക്ഷൻ
കമ്പളക്കാട്: വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിൻ്റെ ബാല പാഠങ്ങൾ പകർന്ന് മുഹാജിരിയ മദ്റസയിൽ എസ്.കെ.എസ്.ബി.വി ഇലക്ഷൻ സംഘടിപ്പിച്ചു.
മദ്റസയിലെ നാലാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വോട്ടവകാശം ഉണ്ടായിരുന്നു. മദ്റസ ലീഡർ, എസ്.കെ.എസ്.ബി.വി.പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, വുമൻസ് വിംഗ് ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ പന്ത്രണ്ട് പേർ മത്സരിച്ചു. തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടർ പട്ടിക പ്രസിദ്ധീകരണം, നോമിനേഷൻ സ്വീകരിക്കൽ, സൂക്ഷ്മ പരിശോധന, നോമിനേഷൻ പിൻവലിക്കൽ, തെരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ, ഫേസ് ടു ഫേസ് എന്നീ പ്രക്രിയകളും നടന്നു. മുനീർ മൗലവി റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
സദർ മുഅല്ലിം അബ്ബാസ് വാഫി, ഹനീഫ റഹ്മാനി, ഖാലിദ് ദാരിമി, അസ്ലം വാഫി, റംഷാദ് വാഫി, അബൂബക്കർ മൗലവി, നിസാർ മൗലവി, അബു ഇഹ്സാൻ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. തെരെഞ്ഞെടുപ്പിൽ മദ്റസാ ലീഡറായി മുഹമ്മദ് മിശാലും എസ്.കെ.എസ്.ബി.വി പ്രസിഡണ്ടായി മുഹമ്മദ് സിനാനും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഇർഫാനും വുമൺസ് വിംഗ് ചെയർപേഴ്സണായി റിൻഷ ഫാത്വിമയും വിജയിച്ചു. അനുമോദന യോഗത്തിൽ മഹല്ല് ഏരിയാ കമ്മിറ്റി പ്രസിഡണ്ട് എ.കെ സുലൈമാൻ മൗലവി, ജനറൽ സെക്രട്ടറി ഇബ്റാഹിം പറമ്പൻ എന്നിവർ സംസാരിച്ചു.





Leave a Reply