ജനം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്ത് നടത്തുന്നു; എൻ. ഡി അപ്പച്ചൻ
കൽപ്പറ്റ: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും, കാർഷിക തകർച്ചയും, വന്യ മൃഗശല്യവും, ക്ഷേമ പെൻഷനുകൾ മുടങ്ങിയതുമടക്കമുള്ള പ്രതിസന്ധികൾ മൂലം കടുത്ത ദാരിദ്ര്യത്തിൽ അകപ്പെട്ട സാധാരണക്കാരും പാവപ്പെട്ടവരും പട്ടിണി കിടക്കുമ്പോൾ ആഡംബര ജീവിതവും യാത്രകളും നടത്തി ഖജനാവ് ധൂർത്തടിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ. കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും നടന്ന സമര പരിപാടികളുടെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സപ്ലൈകോ ഓഫീസ് മാർച്ചിലും ധർണ്ണയിലും വെച്ച് സമര പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെലികോപ്റ്ററിന് വാടക കൊടുക്കാൻ പണമുള്ള സർക്കാരിന് പെൻഷനുകൾ നൽകാനോ മാവേലി സ്റ്റോറുകളിൽ സാധനം എത്തിക്കാനോ പണമില്ല എന്നുള്ളത് വിരോധാഭാസം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു പദ്ധതിയും ഈ സർക്കാർ ആവിഷ്കരിക്കുന്നില്ല. സാധാരണക്കാരുടെ സർക്കാരിനെതിരായുള്ള ജനരോഷത്തെ തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ടിട്ടും സർക്കാർ തിരുത്താൻ തയ്യാറാവാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂടി ചേർത്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. ടി ജെ ഐസക്,സി ജയപ്രസാദ്, പി കെ കുഞ്ഞുമൊയ്തീൻ,കെ കെ രാജേന്ദ്രൻ,പി വിനോദ് കുമാർ, എസ് മണി,ആയിഷ പള്ളിയാൽ, പി രാജാറാണി, ഹർഷൽ കോണാടൻ, ഡിന്റോ ജോസ്, സെബാസ്റ്റ്യൻ കൽപ്പറ്റ,പി കെ മുരളി, കെ ശശികുമാർ, ഷബ്നാസ് തന്നാനി,ടി ജെ ആന്റണി, സാലി റാട്ടക്കൊല്ലി, ഗിരിജ മടിയൂർക്കുനി,ഷെർലി ജോസ് എൻ എ ബാബു, ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply