May 13, 2026

പനമരത്ത് ആധുനിക സൗകര്യങ്ങളോടെ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കണം ;കേരള കോണ്‍ഗ്രസ്

0
20240718 174505
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലയുടെ മധ്യഭാഗത്തുള്ള പനമരത്ത് ആധുനിക സൗകര്യങ്ങളോടെ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ്‌ജേക്കബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍, ജില്ലാ പ്രസിഡന്റ് പി. പ്രഭാകരന്‍ നായര്‍, വൈസ് പ്രസിഡന്റ് ബെന്നി പുല്‍പ്പള്ളി, സെക്രട്ടറി എ.സി. ടോമി, ട്രഷറര്‍ ഉല്ലാസ് ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പനമരത്തും സമീപ പ്രദേശങ്ങളായ പുഞ്ചവയല്‍, നീര്‍വാരം, അമ്മാനി, നെല്ലിയമ്പം, കൈതക്കല്‍, പരക്കുനി, ചങ്ങാടക്കടവ്, ദാസനക്കര എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ചില ദിവസങ്ങളില്‍ ആനകള്‍ കൂട്ടമായാണ് എത്തുന്നത്. ഇവയെ തുരത്തുന്നതിനും ജനങ്ങള്‍ക്കു സുരക്ഷ ഒരുക്കുന്നതിനും 20 കിലോമീറ്റര്‍ അകലെ വെള്ളമുണ്ടയില്‍നിന്നു വനപാലകര്‍ എത്തേണ്ട സ്ഥിതിയാണ്. ആനകള്‍ ഇറങ്ങിയ വിവരം അറിയിച്ചാല്‍ത്തന്നെ വനസേന എത്താന്‍ വൈകും. പനമരത്ത് സ്റ്റേഷന്‍ അനുവദിച്ചാല്‍ ഈ സ്ഥിതിക്കു മാറ്റമാകും.

വന്യമൃഗശല്യ പ്രതിരോധത്തിന് വയനാടിന് പ്രത്യേക ഫണ്ട് ലഭ്യമാക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം. ജില്ലയില്‍ ഉപയോഗത്തിന് കൂടുതല്‍ തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ജില്ലയില്‍ പലേടത്തും വനാതിര്‍ത്തികളില്‍ കാട്ടാന പ്രതിരോധത്തിന് നിര്‍മിച്ച കിടങ്ങുകള്‍ തകര്‍ന്നുകിടക്കുകയാണ്. വൈദ്യുത വേലികളുടെ അറ്റകുറ്റപ്പണി യഥാസയമം നടക്കുന്നില്ല. മറ്റു പ്രതിരോധ സംവിധാനങ്ങളും കുറ്റമറ്റതല്ല. ഇത് വര്‍ധിച്ച കാട്ടാശല്യത്തിന് മുഖ്യകാരണമാണ്. കിടങ്ങുകളുടെയും വൈദ്യുത വേലികളുടെയും അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും ഫണ്ട് ലഭ്യമാക്കണം. വനം വകുപ്പില്‍ താഴ്ത്തട്ടുകളിലുള്ള ജീവനക്കാരുടെ കുറവ് നികത്തണം. വനത്തോടുചേര്‍ന്നുള്ള അനധികൃത ടൂറിസം സംരംഭങ്ങളുടെ പ്രവര്‍ത്തനം തടയണം.

ജില്ലയില്‍ റവന്യു ഭൂമിയിലുള്ള കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യം ജില്ലയ്ക്കു പുറത്തുള്ള ക്വാറി ഉടമകള്‍ മുതലെടുക്കുകയാണ്. കോഴിക്കോട് ഭാഗത്തുനിന്നു ദിവസവും നിരവധി ലോഡ് കരിങ്കല്ലും മെറ്റല്‍ ഉള്‍പ്പെടെ ഉത്പന്നങ്ങളും ജില്ലയിലെത്തുന്നുണ്ട്. ടോറസുകളിലാണ് കല്ല് കൊണ്ടുവരുന്നത്. ഇത് താമരശേരി ചുരത്തില്‍ പലപ്പോഴും ഗതാഗതപ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. ചുരത്തില്‍ ടോറസ് ഗതാഗതം നിയന്ത്രിക്കണം. ജില്ലയില്‍ റവന്യൂ ഭൂമിയില്‍ ഉള്ളതില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളിലേത് ഒഴികെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കണം. ക്വാറികളുടെ നടത്തിപ്പ് ഉപാധികളോടെ തദ്ദേശ സ്ഥാപനങ്ങളെ എല്‍പ്പിക്കണം. നിര്‍മാണങ്ങള്‍ക്കു ആവശ്യമായ കരിങ്കല്ല് ജില്ലയില്‍ ഉത്പാദിപ്പിക്കുന്നത് മറ്റിടങ്ങളില്‍നിന്നു ക്വാറി ഉത്പന്നങ്ങള്‍ വന്‍തോതില്‍ കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കും. ജില്ലയില്‍ റവന്യു ഭൂമിയിലെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായകമാകുമെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *