പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം
കാർവാർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുന്ന സൈന്യം. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. 98 ശതമാനം മണ്ണും നീക്കിയിട്ടും അർജുന്റെ ലോറി കണ്ടെത്താൻ സാധിച്ചില്ല. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗാംഗാവാലി നദിയിലേക്ക് ലോറി പതിച്ചിട്ടുണ്ടാകുമെന്നാണ് സൈന്യം കരുതുന്നത്.
അതുകൊണ്ട് തന്നെ ഇനി പുഴയിൽ തിരച്ചിൽ നടത്താനാണ് തീരുമാനം. മണ്ണിടിച്ചിലുണ്ടായ പുഴയിൽ ഡ്രെഡ്ജിങ് നടത്തും.റഡാർ ഉപയോഗിച്ച് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും വലിയ അളവിൽ മൺകൂനയുള്ള വെല്ലുവിളിയാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അർജുൻ വാഹനം ഓടിച്ചുവരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ലോറി മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അതിനാലാണ് വണ്ടി പുഴയിലെത്തിയേക്കാമെന്ന നിഗമനത്തിൽ എത്തിയത്.
ആദ്യഘട്ടത്തിൽ മണ്ണ് നീക്കിയ സ്ഥലത്ത് നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ പരിശോധിച്ചപ്പോൾ ഇവിടെ ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച മുതൽ രക്ഷാപ്രവർത്തനത്തിന് 25 പേരടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയതായി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് അറിയിച്ചു.
Leave a Reply