May 2, 2026

മണ്ണിനെ സ്നേഹിച്ച രാമേട്ടൻ ഇനി കുരുന്നുകളുടെ പുസ്തകത്തിലും

0
Img 20240724 145655
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മണ്ണിനെ സ്നേഹിച്ച രാമേട്ടന് മണ്ണായിരുന്നു ജീവൻ, മണ്ണിലേക്കിറങ്ങി മണ്ണിനെ പ്രണയിച്ച് പൊന്ന് വിളയിച്ച ചെറുവയൽ രാമൻ. വയനാട്ടുകാർക്കും കേരളത്തിനും ഒരുപോലെ കുളിർമ നൽകുന്ന പേര്. “തൊടിയിലെ ഒരു മരം മുറിച്ചുകൊടുത്താൽ ഇരുനില വീടു വയ്ക്കാം, പക്ഷേ, ഞാനതു ചെയ്യില്ല” എന്ന് പറഞ്ഞ രാമേട്ടന്റെ ജീവിത കഥ ഇന്ന് ഏഴാം ക്ലാസ്സിലെ പാഠപുസ്തകമാണ്. വിത്തെന്ന മഹാത്ഭുതത്തെക്കുറിച്ചാണ് പുതിയ പുസ്തകത്തിൽ വയനാട്ടിലെ പത്മശ്രീ അവാർഡ് ജേതാവായ ചെറുവയൽ രാമനെ കുറിച്ച് ഒരു അധ്യായമുള്ളത്. ആദ്യമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു പാഠ പുസ്‌തകത്തിൽ കുട്ടികൾക്ക് പഠിക്കാൻ വയനാട്ടുകാരനായ ഒരു കർഷകൻ ഇടം പിടിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്ന് തന്നെ എടുത്ത ചെറു ഭാഗമാണ് ഇത്തവണ പുതുക്കിയ ഏഴാം ക്ലാസ്സ്‌ പാഠപുസ്തകത്തിൽ ഇടം പിടിച്ചത്.

 

 

 

അന്ന്യം നിന്ന് പോയ 32 തരം നെൽ വിത്തുകളെ കുറിച്ചും, വിത്തിന്റെ സൂക്ഷ്മതകൾ, വിത്തിന്റെ മൂപ്പ് തുടങ്ങി അനവധി അറിവുകൾ കുട്ടികൾക്ക് ആർജിച്ചെടുക്കാൻ പാഠഭാഗത്തിലൂടെ സാധ്യമാകും. “വയലിൽ ചേറിലിറങ്ങി പണിയെടുക്കാൻ മനസ്സില്ലാത്ത കാലം വരുമ്പോൾ പട്ടിണിയും വരും. വിശക്കുമ്പോൾ അന്നം വേണമെങ്കിൽ എല്ലാം കാലം തിരുത്തണം. കുട്ടികളിലാണ് പുതിയ പ്രതീക്ഷകൾ. അവർ വളരട്ടെ മണ്ണിന്റെ മണമറിഞ്ഞും”, ഇതാണ് പാഠപുസ്തകത്തിലുടെ വയനാടിന്റെ രാമേട്ടൻ കുട്ടികളോട് പറയാനുള്ളത്.

മാനന്തവാടിയിൽ-വള്ളിയൂർക്കാവ് വഴിയിലാണ് രാമന്റെ വീടുള്ള കമ്മന. എഴുപതോളം കുടുംബക്കാർ താമസിച്ചിരുന്ന ചെറുവയൽ തറവാട്. അതിൽ നിന്നും ആ സ്ഥലം ചെറുവയലായി മാറി.പുല്ലു മേഞ്ഞ രാമേട്ടന്റെ വീടിന് 150 വർഷത്തെ പഴക്കമുണ്ട്. ചുറ്റുപാടും കൃഷികളാലും പ്രകൃതി ഭംഗിയാലും സമൃദ്ധമാണ്. പശു, കിടാവ്, ആട്, കോഴി പിന്നെ, നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ. തണൽ, തണുപ്പ് അങ്ങനെ അങ്ങനെ അങ്ങനെ നീളുന്ന പ്രകൃതി രാമണീയത….

 

 

ചെറുവയൽ രാമൻ അഞ്ചാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചപ്പോൾ ആദ്യമായി നെൽവിത്തുകൾ കയ്യിൽ കൊടുത്തത് അമ്മാവനാണ്. അന്ന് പാടത്തിറങ്ങിയ രാമേട്ടൻ ഇന്ന് പത്മശ്രീ ജേതാവും ഇപ്പോൾ കുരുന്നുകളുടെ പാഠപുസ്തകവുമായി മാറികഴിഞ്ഞു. അന്നമ്മാവൻ പറഞ്ഞത് ‘കാട്ടിൽ നിന്നു നൂറ്റാണ്ടുകൾക്കു മുൻപു പൂർവികർ ശേഖരിച്ച അപൂർവം ഇനം നെൽവിത്തുകളാണിത്. ഇതു സംരക്ഷിക്കണം. ലോകം എങ്ങനെയൊക്കെ മാറിയാലും ഈ വിത്തിൻ്റെ മണവും ഗുണവും മാറില്ല.’ അത് അക്ഷരം പ്രതി അനുസരിക്കുകയും കൃഷിയെയും മണ്ണിനേയും സ്നേഹിക്കുകയും ചെയ്തു ആ മനുഷ്യൻ.

 

 

 

പോയകാലത്തിന്റെ പൈതൃകങ്ങൾ വരച്ചിടും വിധം നാട്ടുരുചിയും പോയകാല നാടിൻ നന്മയും വയനാടൻ ഭക്ഷണ രീതികളും പാരമ്പര്യത്തിന്റെ തനത് രീതിയുമെല്ലാം ചെറുവയൽ കുറിച്യർ തറവാട് നമുക്ക് കാണിച്ചു തരുന്നുണ്ട്. നെൽകൃഷി നഷ്ട്ടമാണെന്ന് പറയുന്ന യുവതലമുറയുടെ ലാഭം നോക്കലിനിടയിൽ ലാഭനഷ്ടങ്ങൾ നോക്കാതെ നെൽകൃഷിയുടെ മഹത്വവും പെരുമയും നോക്കി കൃഷിയെ സ്നേഹിക്കയാണീ മാതൃകാ കർഷകൻ. തന്റെ പാടത്തുവിളഞ്ഞ കുത്തരിചോറും സ്വയം ആർജിച്ചെടുത്ത ഭക്ഷണ ശീലങ്ങളുമാണ് രാമനെ പാരമ്പര്യകർഷകന്റെ മാതൃകയാക്കുന്നത്. വ്യവസായമല്ല കൃഷിയെന്നും വ്യവസായമാകരുതെന്നും ജീവിതമാണെന്നും കാണിച്ചു തന്ന വയനാടിന്റെ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ….

 

റിപ്പോർട്ട്‌: പി ജെ അനന്യ

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *