ഹോട്ടലിൽ നിന്ന് ചില്ലി ചിക്കൻ ബിരിയാണി കഴിച്ചവർക്ക് വായിൽ പുണ്ണ്; പരാതിയുമായ് കുടുംബം
ബത്തേരി: ബക്കറ്റ് ചില്ലി ചിക്കൻ ബിരിയാണി കഴിച്ച എട്ട് പേർക്ക് വായിൽ പുണ്ണ് വന്നതായി പരാതി. കബളക്കാട് സ്വദേശികളാണ് ഇതേ തുടർന്ന് പരാതി ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇവർ ബത്തേരിയിലെ വിൽറ്റൺ ഹോട്ടലിൽ നിന്നും മൂന്ന് കുടുംബത്തിലേക്ക് ഒന്നിച്ച് പാർസലായി ചില്ലി ചിക്കൻ ബിരിയാണി വാങ്ങിയത്. ഇതിൽ രണ്ട് ബന്ധുക്കൾ പിറ്റേന്ന് ഗൾഫിലേക്ക് പോയി. ഒരാഴ്ചയായി തുടരുന്ന ശാരീരിക അസ്വസ്ഥത ബന്ധുക്കൾ പരസ്പരം പങ്കുവെച്ചപ്പോഴാണ് ഭക്ഷണത്തിലെ പ്രശ്നമാണന്ന് അറിയുന്നത്. ഈ കുടുംബത്തിലെ ബിരിയാണി കഴിക്കാത്തവർക്ക് അസ്വസ്ഥത ഉണ്ടാകാതെയിരുന്നതുമാണ് ഹോട്ടൽ ഭക്ഷണത്തിലെ പ്രശ്നമാണോയെന്ന സംശയം ബലപ്പെട്ടത്. എട്ടു പേർക്കും ഒരേ രീതിയിലുള്ള അസ്വസ്ഥകളുണ്ടായി. ആദ്യം വയറു സ്തംഭനവും പിന്നീട് കുടിവെള്ളമിറക്കാൻ പറ്റാത്ത അവസ്ഥയും വന്നു. വിദേശത്തേക്ക് പോയ യുവതിയും കുഞ്ഞും അവിടെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയിൽ ഫുഡ് പോയിസൺ എന്നാണ് പറഞ്ഞത്. യുവതി ഇക്കാര്യം നാട്ടിലേക്ക് വിളിച്ച് അറിയിച്ചപ്പോഴാണ് ബിരിയാണി കഴിച്ച എല്ലാവർക്കും സമാനമായ അസ്വസ്ഥതകളുണ്ടന്ന് മനസിലായത്.
ആശുപത്രിയിൽ കാണിച്ച് വിവിധ വകുപ്പുകളിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബാംഗങ്ങൾ. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പാരതിക്കാർക്ക് സമ്മതമെങ്കിൽ അവരോടൊപ്പം ആശുപത്രിയിൽ പോയി കാര്യങ്ങൾ അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഹോട്ടൽ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.





Leave a Reply